കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തിന്റെ അലയൊലികൾ അടങ്ങുന്നതിന് മുന്നേ മലപ്പുറത്ത് ദേശീയ പാതയിൽ വിള്ളൽ. പുതിയ ആറുവരി ദേശീയപാതയിലാണ് വീണ്ടും വിള്ളല്‍ ഉണ്ടായിരിക്കുന്നത്. മലപ്പുറം ജില്ലയിലെ കാക്കഞ്ചേരി കിന്‍ഫ്ര ഫുഡ്പാർക്കിന് സമീപമാണ് വിള്ളല്‍ കണ്ടത്. 25 മീറ്ററോളം നീളത്തിലാണ് കാക്കഞ്ചേരിയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഭാഗത്തേക്കുള്ള പുതിയ പാതയില്‍ വിള്ളലുണ്ടായിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ഇതിനിടെ, നിര്‍മാണ കമ്പനിയുടെ ജീവനക്കാരെത്തി വിള്ളുണ്ടായ ഭാഗം താത്കാലികമായി അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇത് തടഞ്ഞു. ദേശീയപാത അതോറിറ്റിയുടെ വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുവഴിയുള്ള ഗതാഗതവും താത്കാലികമായി വഴിതിരിച്ചുവിട്ടിട്ടുണ്ട്.

