തിരുവനന്തപുരം : വെടിയുണ്ടകള്‍ കാണാതായ കേസില്‍ പന്ത്രണ്ടായിരത്തിലധികം വെടിയുണ്ടകള്‍ കാണാനില്ലെന്ന സി.എ.ജി. റിപ്പോര്‍ട്ടിലെ പരമാര്‍ശം തളളി ക്രൈംബ്രാഞ്ച്. കാണാതായത് 3609 വെടിയുണ്ടകള്‍ മാത്രം. തിങ്കളാഴ്ചത്തെ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. 95,000-ഓളം വെടിയുണ്ടകള്‍ ചീഫ് സ്റ്റോറില്‍നിന്നുള്ള രേഖയുമായി ഒത്തുനോക്കിയാണ് എണ്ണം തിട്ടപ്പെടുത്തിയത്.
സി എ ജി റിപ്പോര്‍ട്ടില്‍ 12,061 വെടിയുണ്ടകള്‍ കാണാനില്ലെന്നാണ രേഖപ്പെടുത്തിയിരുന്നത്. എസ്എല്‍ആര്‍ റൈഫിളുകളില്‍ ഉപയോഗിക്കുന്ന 3600 വെടിയുണ്ടകളും ഇന്‍സാസ് റൈഫിളുകളില്‍ ഉപയോഗിക്കുന്ന ഒന്‍പത് വെടിയുണ്ടകളും നഷ്ടമായതായാണ് പരിശോധനയിലെ കണ്ടെത്തല്‍. എ.കെ-47 തോക്കുകളില്‍ ഉപയോഗിക്കുന്ന ഉണ്ടകളൊന്നും നഷ്ടമായിട്ടില്ല.
1996 ജനുവരി ഒന്നുമുതല്‍ 2018 ഒക്ടോബര്‍ വരെയുള്ള രേഖകളുമായി ഒത്തുനോക്കിയാണ് വെടിയുണ്ടകള്‍ പരിശോധിച്ചത്. ഇക്കാലത്താണ് 12,061 വെടിയുണ്ടകള്‍ നഷ്ടമായതായി സി.എ.ജി. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

