Friday, December 12, 2025

ചേർപ്പ് കൊലപാതകത്തിൽ നിർണ്ണായക വിവരങ്ങൾ; സഹോദരനെ കുഴിച്ചു മൂടിയത് ജീവനോടെ, ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തി; ബാബുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

തൃശ്ശൂർ:തൃശ്ശൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ബാബുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊല്ലപ്പെട്ട ബാബുവിനെ അനിയൻ സാബു കുഴിച്ചുമൂടിയത് ജീവനോടെയെന്ന് റിപ്പോർട്ടിൽ പറയുന്നു. ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണും തലയിൽ ആഴത്തിലുള്ള മുറിവും കണ്ടെത്തിയിട്ടുണ്ട്. കഴുത്ത് ഞെരിച്ച് കൊന്നുവെന്നായിരുന്നു സാബുവിന്റെ മൊഴി. ബാബുവിന്റെ കൊലപാതകത്തിൽ സഹോദരൻ സാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്വാസകോശത്തിൽ മണ്ണ് കയറാൻ കാരണം ജീവനോടെ കുഴിച്ചുമൂടിയതിനാലാണെന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ സാബു കരുതിയത് കഴുത്ത് ഞെരിച്ചപ്പോൾ സഹോദരൻ മരിച്ചു എന്നാണ്. തുടർന്ന് ഉടൻ തന്നെ ബാബുവിന്റെ മൃതദേഹം തൊട്ടടുത്തുള്ള പറമ്പിൽ കുഴിച്ചിടുകയായിരുന്നു.കൂടാതെ ബാബുവിന്റെ തലയിലുള്ള ആഴത്തിലുള്ള മുറിവ് എന്തെങ്കിലും ആയുധം ഉപയോഗിച്ച് അടിച്ചതിന്റെ പാടല്ലെന്നും പോലീസ് പറയുന്നു. മൃതദേഹം വലിച്ചു കൊണ്ട് പോകുമ്പോൾ കല്ലിലോ മറ്റോ തട്ടിയതാകാമെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോഴുള്ളത്.

മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് ബാബുവിനെ സഹോദരൻ സാബു കൊലപ്പെടുത്തിയ സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്. ഇതിന് സഹായിച്ചത് അമ്മയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അമ്മയെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. അതേസമയം ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അമ്മ. ഇവരുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചന. ഈ മാസം 19ന് അർദ്ധരാത്രിയാണ് സംഭവം നടക്കുന്നത്. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.പിന്നീട് മൃതദേഹം ബാബുവിന്റേതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പോലീസ് സാബുവിനെ കസ്റ്റഡിയിലെടുത്തത്.

Related Articles

Latest Articles