കർണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുനായുള്ള തെരച്ചലിൽ എട്ടാം ദിനത്തിൽ നിർണ്ണായക സൂചന ലഭിച്ചു. ഗംഗാവാലി പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച അതേ പോയിന്റിൽ നിന്ന് തന്നെ സോണാർ സിഗ്നലും ലഭിച്ചു. നാവികസേന നടത്തിയ തെരച്ചിലിൽ ആണ് ഈ സോണാർ സിഗ്നൽ കിട്ടിയത്. വലിപ്പം കൂടിയ ലോഹ നിർമ്മിതമായ വസ്തു പുഴയ്ക്കടിയിൽ ഉണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ് പുറത്ത് വന്നത്. ഇത് ഒന്നുകിൽ മറിഞ്ഞു പോയ ടവറോ അർജുന്റെ ലോറിയോ ആകാം എന്നാണ് നിഗമനം.
ഗംഗാവലി പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച ഭാഗത്ത് മുങ്ങൽ വിദഗ്ദരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെങ്കിലും കനത്ത മഴയിൽ നീരൊഴുക്ക് വർധിച്ചതോടെ പുഴയിലെ തെരച്ചിൽ താത്കാലികമായി നിർത്തിവെക്കേണ്ടി വന്നിരുന്നു.
ഐബോഡ് എന്ന ഉപകരണം ഉപയോഗിച്ചും നാളെ ഈ പ്രദേശം കേന്ദ്രീകരിച്ച് പരിശോധന നടത്താനാണ് നാവികസേനയുടെ തീരുമാനം.
അർജുന് വേണ്ടിയുള്ള തെരച്ചിലിനായി നാളെ ‘ഐബോഡ്’ സാങ്കേതിക സംവിധാനം ഉപയോഗിക്കും. ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഉപകരണമാണ് ‘ഐബോഡ്’. ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പക്കൽ നിന്നാണ് ഐബോഡ് എന്ന ഉപകരണം വാടകയ്ക്ക് എടുക്കുന്നത്. വെള്ളത്തിലും മഞ്ഞിലും പർവതങ്ങളിലും തെരച്ചിൽ നടത്താൻ ഈ ഉപകരണം ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്. ഉപകരണത്തിന്‍റെ നിരീക്ഷണപരിധി 2.4 കിലോമീറ്ററാണ്. റേഡിയോ ഫ്രീക്വൻസിയും എഐയും സംയോജിപ്പിച്ച സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. മണ്ണിൽ പുതഞ്ഞ് പോയ വസ്തുക്കൾ 20 മീറ്റർ ആഴത്തിലും വെള്ളത്തിലും മഞ്ഞിലും 70 മീറ്റർ ആഴത്തിലും കണ്ടെത്താമെന്ന് ക്വിക് പേ കമ്പനി അവകാശപ്പെടുന്നു.

