കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്. വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ ലക്ഷങ്ങൾ തട്ടി. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ഫാത്തിമയുടെ അക്കൗണ്ടിൽ നിന്നാണ് 19 ലക്ഷം രൂപ നഷ്ടമായത്. പല തവണകളായാണ് പണം പിൻവലിച്ചത്.
ആദ്യം ആയിരം, രണ്ടായിരം എന്നിങ്ങനെയാണ് പണം നഷ്ടപ്പെട്ട് തുടങ്ങിയത്. പിന്നീട് ലക്ഷങ്ങളായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുപിഐ വഴി നിരവധി പണം നഷ്ടമായെന്ന് മനസിലായി. ജൂലൈ 24 മുതൽ സെപ്റ്റംബർ 19 വരെയുള്ള മാസങ്ങളിലാണ് പണം നഷ്ടമാകുന്നത്.
1992 മുതലുള്ള അക്കൗണ്ടിൽ നിന്നാണ് തട്ടിപ്പിന് ഇരയാക്കിയത്. തട്ടിപ്പ് നടത്തിയത് ബാങ്ക് എക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന പഴയ ഫോൺ നമ്പർ ഉപയോഗിച്ചെന്നാണ് സംശയം. സംഭവത്തിൽ കോഴിക്കോട് സൈബർ പോലീസ് കേസെടുത്തു.

