Monday, May 20, 2024
spot_img

സനാതന ധർമ വിവാദം ! ഉദയനിധി സ്റ്റാലിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ദില്ലി : സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും, യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചു. ജസ്റ്റിസ് അനിരുദ്ധ ബോസ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ഹർജിയിൽ നോട്ടീസയച്ചത്. ചെന്നൈയിലെ അഭിഭാഷകനായ ബി. ജഗനാഥാണ് ഹർജിക്കാരൻ.

ഒരു വിശ്വാസത്തിനെതിരെയാണ് മന്ത്രി സംസാരിക്കുന്നതെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദാമ ശേഷാദ്രി നായിഡു സുപ്രീംകോടതിയില്‍ ആരോപിച്ചു. ഇത്തരം പ്രസ്താവനകള്‍ ഭാവിയില്‍ നടത്തുന്നതില്‍ നിന്ന് സ്റ്റാലിനെ വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിക്കുന്നുണ്ട്.ഇതിന് പുറമെ സനാതന ധര്‍മം തുടച്ചുനീക്കുന്നതിനായുള്ള പ്രചാരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് ചേരുന്ന കോണ്‍ഫറന്‍സ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിയില്‍ നോട്ടീസയച്ചെങ്കിലും വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരായ മറ്റ് ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാന്‍ മാറ്റണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

ചെന്നൈയിൽ റൈറ്റേഴ്സ് കോൺഫറൻസിനെ അഭിസംബോധന ചെയ്യവെയായിരുന്നു ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശവുമായി രംഗത്തു വന്നത്. സനാതന ധര്‍മം സാമൂഹ്യ നീതിക്ക് വിരുദ്ധമാണെന്നും പൂർണമായും തുടച്ചുനീക്കണമെന്നും പറഞ്ഞ ഉദയനിധി സനാതന ധർമം ഡെങ്കി, മലേറിയ പോലുള്ള പകർച്ച വ്യാധികള്‍ക്ക് സമാനമാണെന്നും കുറ്റപ്പെടുത്തി. പിന്നാലെ രാജ്യത്തുടനീളം കടുത്ത വിമർശനമാണ് വിഷയത്തിൽ ഉയരുന്നത്.

അതിനിടെ, സനാതന ധർമ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനും കോൺഗ്രസ് നേതാവും മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖർഗെയ്ക്കുമെതിരെ ഉത്തർപ്രദേശിൽ കേസെടുത്തു. ഹർഷ് ഗുപ്ത, റാം സിങ് ലോധി എന്നീ അഭിഭാഷകർ നൽകിയ പരാതിയിന്മേൽ രാംപൂർ പൊലീസാണ് കേസ് എടുത്തത്.

Related Articles

Latest Articles