നാഗ്പൂർ: മോഷ്ടിച്ച തോക്കുകൊണ്ട് ഭർത്താവിന്റെ അമ്മയെ വെടിവെച്ചു കൊന്ന മരുമകൾ അറസ്റ്റിൽ. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് 68 വയസ്സുകാരിയായ ആശ പൊരാജ്വർ ആണ് മരുമകളുടെ വെടിയേറ്റ് മരിച്ചത്.
28 വയസ്സുകാരിയായ സരോജ അരവിന്ദും ആശയും തമ്മിൽ എപ്പോഴും വഴക്കായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ അയൽക്കാരനായ പ്രഭു ഗോഹങ്കാറുടെ റിവോൾവറും തിരകളും സരോജ മോഷ്ടിച്ച് ഒളിപ്പിച്ച് വെക്കുകയായിരുന്നു. തുടർന്ന് തന്റെ തോക്ക് നഷ്ടമായതായി കാട്ടി മുൻ ജയിലറായ ഗോഹങ്കാർ ജനുവരി 21ന് പൊലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ ഇതിനിടെ തിങ്കളാഴ്ച പ്രാർത്ഥനയിലായിരുന്ന ആശയുടെ തലക്ക് സരോജ വെടിവെക്കുകയായിരുന്നു. വെടിയേറ്റ ആശ തത്ക്ഷണം മരിച്ചു. വെടി വെച്ചതിന്റെ ആഘാതത്തിൽ മറിഞ്ഞു വീണ സരോജക്കും പരിക്കേറ്റു. പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്ത ശേഷം ഇവർക്ക് ചികിത്സ നൽകി. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

