കണ്ണൂര്‍: കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളില്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം. കണ്ണൂര്‍ കക്കാട് കോര്‍ജാന്‍ യു പി സ്കൂളിനു സമീപം കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളിലാണ് സ്ത്രീയുടെ മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കോര്‍ജാന്‍ യു.പി.സ്കൂളിനു സമീപം പ്രഫുല്‍ നിവാസില്‍ താമസിക്കുന്ന രൂപ(70)യെയാണ് മരിച്ചനിലയില്‍ കണ്ടത്.
അവശനിലയിലായ മറ്റൊരു സ്ത്രീയും വീട്ടിലുണ്ടായിരുന്നു. കൂടെയുള്ള സഹോദരി പ്രഫുല്ല മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇവരെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ആറരയോടെയാണ് ഇവരുടെ ഓടിട്ട വീട് കനത്ത കാറ്റിലും മഴയിലും തകര്‍ന്നുവീണത്.
വീട്ടിനുള്ളില്‍ ആളുണ്ടെന്ന സംശയത്തില്‍ നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിളിച്ചു. തുടര്‍ന്ന് അവരും നാട്ടുകാരും ചേര്‍ന്ന് വാതില്‍ പൊളിച്ച് ഉള്ളില്‍ക്കടന്നപ്പോഴാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. മാസങ്ങള്‍ക്കുമുന്‍പേ മരിച്ചതാകുമെന്നാണ് പൊലീസിന്റെ നിഗമനം. കണ്ണൂര്‍ സ്പിന്നിങ് മില്‍ ജീവനക്കാരിയായിരുന്നു രൂപ. പരേതനായ തിലകന്‍ സഹോദരനാണ്.

