കോഴിക്കോട് :വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട കാരവനിൽ യുവാക്കൾ മരിച്ചത് കാർബൺ മോണോക്സൈഡ് മൂലമെന്ന് കണ്ടെത്തൽ. കോഴിക്കോട് എൻഐടി വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കാരവനിലെ ജനറേറ്ററിൽ നിന്നു വിഷ വാതകം പ്ലാറ്റഫോമിലെ ദ്വാരം വഴി അകത്തേക്ക് വമിച്ചു. രണ്ട് മണിക്കൂറിനിടെ 957 പിപിഎം അളവ് കാർബൺ മോണോക്സൈഡാണ് അകത്ത് പടർന്നതെന്നും പരിശോധനയിൽ വ്യക്തമായി.
ഇക്കഴിഞ്ഞ ഡിസംബർ 23നാണ് വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട വാഹനത്തിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം സ്വദേശി മനോജ്, കാസർഗോഡ് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. ഒരാളെ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാളെ വണ്ടിയുടെ ഉള്ളിലും മരിച്ച നിലയിലാണ് കണ്ടെത്തിയത്.പൊന്നാനിയിൽ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ. എരമംഗലം സ്വദേശിയുടേതാണ് കാരവൻ.തലശ്ശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വാഹനം ഏറെ നേരമായി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.

