മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിക്കെതിരെ ഭീഷണി ഇ-മെയിലുകള്‍ അയച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തെലങ്കാന സ്വദേശിയായ ഗണേഷ് രമേഷ് വന്‍പ്രര്‍ധി എന്ന 19 കാരനെയാണ് മുംബൈ ഗാംദേവി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഈ മാസംഎട്ട് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ആഴ്ചയാണ് മുകേഷ് അംബാനിയെ കൊല്ലുമെന്നും ഇതൊഴിവാക്കണമെങ്കിൽ മോചനദ്രവ്യം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിച്ചത്. മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച്, സൈബര്‍ വിഭാഗങ്ങള്‍ ഐ.പി. വിലാസങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് തെലങ്കാനയിലെ യുവാവില്‍ എത്തിയത്. സംഭവത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ ഇല്ല എന്നാണ് പോലീസിന്റെ നിഗമനം.
ഒക്ടോബർ 27 നാണ് 20 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ആദ്യ വധഭീഷണി ഇമെയിൽ ലഭിച്ചത്. പിന്നാലെ മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ പോലീസിൽ പരാതി നൽകുകയും ഇതിന്മേൽ ഗാംദേവി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പിറ്റേദിവസം 200 കോടി രൂപ ആവശ്യപ്പെട്ട് മറ്റൊരു ഇമെയിൽ ലഭിച്ചു. പിന്നാലെ 400 കോടി രൂപ ആവശ്യപ്പെട്ട് മൂന്നാമത്തെ ഇമെയിലും ലഭിച്ചു.
മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി മെയിലുകൾ അയച്ചയാളെ ബിഹാറിലെ ദർഭംഗയിൽ നിന്ന് കഴിഞ്ഞ വർഷം മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ തകർക്കുമെന്നും അന്ന് ഇയാൾ ഭീഷണി മുഴക്കിയിരുന്നു.

