പത്തനംതിട്ട: ശബരിമലയിൽ തങ്കയങ്കി ചാർത്തി ദീപാരാധന നടന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ദേവസ്വം മന്ത്രി വി. എൻ വാസവൻ പമ്പയിലെത്തി തങ്കയങ്കി ഘോഷയാത്രയെ സ്വീകരിച്ചു. വൈകുന്നേരം അഞ്ച് മണിയോടെ ദേവസ്വത്തിന്‍റെയും വിവിധ വകുപ്പുകളുടെയും പ്രതിനിധി സംഘം സന്നിധാനത്ത് നിന്ന് ശരംകുത്തിയിൽ എത്തി ഘോഷയാത്രയെ ആചാരപരമായി സ്വീകരിച്ചു. 6.20 ഓടെ തങ്കയങ്കി ഘോഷയാത്രാ സംഘം പതിനെട്ടാം പടി ചവിട്ടിയപ്പോൾ ശരണം വിളികൾ ഉച്ചസ്ഥായിലെത്തി .
കൊടിമര ചുവട്ടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത് പേടകം ഏറ്റുവാങ്ങി തന്ത്രിക്കും മേൽശാന്തിക്കും കൈമാറി. തുടർന്ന് ആറരയോടെ തങ്കയങ്കി ചാർത്തി ദീപാരാധന നടന്നു. ദീപാരാധനയ്ക്ക് ശേഷം ഭക്തരെ പതിനെട്ടാം പടി കയറ്റി തുടങ്ങി.

