യുദ്ധവിമാനങ്ങളുടെ എൻജിൻ സാങ്കേതികവിദ്യ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. റാഫേൽ യുദ്ധവിമാനങ്ങളുടെ സാങ്കേതിക വിവര കൈമാറ്റം വൈകുന്നതു ചൂണ്ടിക്കാട്ടി നേരത്തേ സി.എ.ജി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് തീരുമാനം. എന്നാല്‍ സാങ്കേതിക വിദ്യാ കൈമാറ്റത്തിനായി ഫ്രഞ്ച് പങ്കാളി സാഫ്രനുമായി ഉണ്ടാക്കിയ ഉടമ്പടികളിലെ ന്യൂനതകളാണ് വിവര കൈമാറ്റത്തിലെ അനിശ്ചിതാവസ്ഥയ്ക്ക് കാരണമായി പറയപ്പെടുന്നത്. അതേസമയം ഭാരതത്തിന്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിൽ വായുസേനയ്ക്ക് ഏറെ വെല്ലുവിളി ഉയർത്തുന്നത് യുദ്ധവിമാനങ്ങളുടെ എൻജിനുകളാണ്. ഡി.ആർ.ഡി.ഒ, റോൾസ് റോയിസ് തുടങ്ങിയ മുൻനിര സ്ഥാപനങ്ങളുമായി പ്രതിരോധ വിദഗ്ദ്ധർ വിഷയത്തില്‍ ചർച്ചകൾ നടത്തിവരികയാണെന്ന് വ്യോമസേന മേധാവി അർ.കെ.എസ് ഭദൗരിയ വ്യക്തമാക്കി.
എന്നാല്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ രൂപകല്ന ചെയ്തെടുത്ത കാവേരി എഞ്ചിനുകൾ പരാജയമല്ലെന്നും, ഏതാനും ഭാഗങ്ങൾ പൂർണ വിജയമാണെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി. രൂപകല്പനയിലും നിർമ്മാണത്തിലും കാവേരി എഞ്ചിനുകളുടെ നിർമ്മാണ പരിചയം പ്രതിരോധ സ്ഥാപനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിആര്‍ഡിഒ നേരിടുന്ന പ്രധാന പ്രശ്നവും എൻജിൻ സാങ്കേതിക വിദ്യ തന്നെ. എന്നാല്‍ അതിർത്തിയിൽ ചൈനയുമായി നിലനിൽക്കുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം ശക്തമായ വിന്യാസമാണ് സേന ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെ പ്രമുഖ ഐ.ടി സ്ഥാപനം തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക്സ് മെയിന്റനൻസ് മാനേജ്മെന്റ് സിസ്റ്റം വ്യോമസേനയുടെ സുരക്ഷിതത്വത്തിന് മുതൽകൂട്ടാണ്. ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ സംവിധാനമായി ഇത് മാറിക്കഴിഞ്ഞിരിക്കുകയാണ്. പീപ്പിൾസ് ലിബറേഷൻ ആർമി എയർ ഫോഴ്സ് വൻതോതിൽ സാങ്കേതികവിദ്യ വികാസത്തിന് മുതൽമുടക്ക് നടത്തുന്നുണ്ടെന്നും സംവിധാനങ്ങളും വിദഗ്ദ്ധരുടെ എണ്ണവും വർദ്ധിപ്പിക്കുന്നുണ്ടെന്നും നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ചൈനീസ് വ്യോമസേനയെക്കാൾ മികച്ചതാണെന്നും ഭദൗരിയ വ്യക്തമാക്കി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്ന ഡി.ആർ.ഡി.ഒ യുടെ സേവനങ്ങൾ നിസ്തുലമാണെന്നും വ്യോമസേന മേധാവി അർ.കെ.എസ് ഭദൗരിയ പറഞ്ഞു.
ഡി.ആർ.ഡി.ഒ യ്ക്കും എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിക്കുമാണ് നിലവിൽ സ്വദേശി ഫൈറ്റർ ജെറ്റ് സാങ്കേതിക വിദ്യയുടെ ഗവേഷണ ചുമതലകൾ. യുദ്ധവിമാനങ്ങളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിർമ്മാണം നടത്തി വരുന്നത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനമാണ്.

