ദില്ലി: ചൂടേറിയ പ്രചാരണത്തിനൊടുവിൽ ദില്ലി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴുമണി മുതൽ പോളിംഗ് ആരംഭിച്ചു. 2025 ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ്. കടുത്ത തണുപ്പിനെ അവഗണിച്ച് വോട്ടർമാർ വോട്ടുചെയ്യാനെത്തിത്തുടങ്ങി. 70 അംഗ നിയമസഭയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 699 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. വോട്ടെടുപ്പ് ദിവസം രാവിലെ മുഖ്യമന്ത്രി അതിഷി മർലേനയുടെ ഓഫീസിലെ രണ്ടുപേർ പിടിയിലായിട്ടുണ്ട്.
13000 ത്തിലധികം ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 3000 ത്തിലധികം ബൂത്തുകൾ പ്രശ്‌നബാധിതമാണ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷാ വലയത്തിലാണ് ദില്ലി. സൈനിക അർദ്ധ സൈനിക വിഭാഗങ്ങളെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്,
ഒരു മാസത്തിലധികം നീണ്ടുനിന്ന പ്രചാരണങ്ങൾക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണം നിലനിർത്താനാണ് ആം ആദ്‌മി പാർട്ടിയുടെ ശ്രമം. എന്നാൽ മദ്യനയ അഴിമതിക്കേസ് അടക്കം ചർച്ചയാക്കി ദില്ലിയുടെ ഭരണം പിടിക്കാനാണ് ബിജെപി ശ്രമം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സീറ്റ് ലഭിക്കാതിരുന്ന കോൺഗ്രസ് ഇത്തവണ അക്കൗണ്ട് തുറക്കാനാണ് ശ്രമം നടത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും നേതൃത്വത്തിലാണ് ബിജെപി പ്രചാരണം നടത്തിയത്. അഴിമതിക്കഥകൾ ചർച്ചയാകാതെ നോക്കിയാണ് ആം ആദ്‌മി പാർട്ടിയുടെയും കെജ്‌രിവാളിന്റെയും പ്രചാരണം. പൊതുവെ മന്ദഗതിയിലായിരുന്ന കോൺഗ്രസ് ക്യാമ്പ് അവസാനനിമിഷം രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വരവോടെ ഉണർന്നെണീറ്റു

