ദില്ലി: പ്രളയ സാഹചര്യം നേരിടുന്ന ദില്ലിയിൽ കനത്ത വെള്ളപ്പൊക്കത്തെത്തുടർന്ന് ചെങ്കോട്ട അടച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആണ് ഇക്കാര്യം അറിയിച്ചത്. കനത്ത ജാഗ്രതയാണ് പ്രദേശത്ത് നിലനിൽക്കുന്നത്. ഇന്നും നാളെയും സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാകില്ല. സാഹചര്യം നോക്കിയാവും മറ്റന്നാള്‍ തുറക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. യമുന നദി അപകടനില മറികടന്ന് ഒഴുകുന്നതിനെ തുടര്‍ന്ന് ചെങ്കോട്ടയിലെ റിങ് റോഡിലേക്ക് വെള്ളം എത്തിയിരുന്നു.
വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ ആളുകളെ പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്ന് മാറ്റി പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്. റോഡ് മെട്രോ ഗതാഗതം തടസ്സപ്പെട്ടതോടെ ജാഗ്രതാ നടപടികൾ ഊര്‍ജിതമാക്കിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവയ്ക്ക് ഞായറാഴ്ച വരെ അവധിയായിരിക്കുമെന്ന് ദില്ലി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

