Wednesday, June 19, 2024
spot_img

തോറ്റ് മടുത്ത് ദില്ലി ; ബാംഗ്ലൂരിനോട് 23 റൺസിന് തോറ്റു; സീസണിലെ തുടർച്ചയായ അഞ്ചാം തോൽവി

ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർ തോൽവികളിൽ വലഞ്ഞ് ദില്ലി ക്യാപിറ്റൽസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് ഇന്ന് 23 റൺസിന് തോറ്റതോടെ സീസണിൽ തുടർച്ചയായ അഞ്ചാം തോൽവിയാണ് ദില്ലി രുചിക്കുന്നത്.175 റണ്‍സെന്ന ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദില്ലിക്ക് മിച്ചല്‍ മാര്‍ഷ് (0), യാഷ് ദുള്‍ (1), ഡേവിഡ് വാര്‍ണര്‍ (19), അഭിഷേക് പോറല്‍ (5), അക്സര്‍ പട്ടേല്‍ (21) എന്നിവര്‍ പൊരുതാൻ പോലും തയ്യാറാകാതെ വിക്കറ്റ് നഷ്ടമാക്കിയപ്പോൾ പരാജയം സുനിശ്ചിതമായി. 38 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും ഉള്‍പ്പടെ 50 റണ്‍സെടുത്ത മനീഷ് പാണ്ഡെ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. ബാംഗ്ലൂരിനായി കന്നി മത്സരത്തിനിറങ്ങിയ വിജയ് കുമാര്‍ വൈശാഖ് മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റെടുത്തു.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഓപ്പണർമാരായ വിരാട് കോഹ്ലിയും (34 പന്തിൽ 50), ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും (16 പന്തിൽ 22) ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. പവർപ്ലേയ്ക്കുള്ളിൽ ഡുപ്ലെസിയെ നഷ്ടമായെങ്കിലും ഒന്നാം വിക്കറ്റിൽ അപ്പോഴേക്കും ഇരുവരും ചേർന്ന് 42 റൺസ് സ്കോർബോര്ഡിൽ കൂട്ടിച്ചേർത്തിരുന്നു. അർധസെഞ്ചുറിക്ക് ശേഷം ഒരു റൺ പോലും സ്‌കോർ ചെയ്യാനാകാതെ 11–ാം ഓവറിൽ കോഹ്ലി പുറത്തായത് ആർസിബിക്കു തിരിച്ചടിയായി. മഹിപാൽ ലോംറോറും (18 പന്തിൽ 26) ഗ്ലെൻ മാക്‌സ്‌വെ‌ലും (14 പന്തിൽ 24) ചേർന്ന് സ്കോറിങ് ഉയർത്തിയെങ്കിലും നീണ്ട സമയം ക്രീസിൽ പിടിച്ച് നിൽക്കാനായില്ല.

ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ച ഹർഷൽ പട്ടേൽ (4 പന്തിൽ 6), ദിനേഷ് കാർത്തിക് (പൂജ്യം) എന്നിവരും ഇന്ന് ബാറ്റിങ്ങിൽ പരാജയമായി. ഷഹബാസ് അഹമ്മദ് (12 പന്തിൽ 20), അനൂജ് റാവത്ത് (22 പന്തിൽ 15) എന്നിവർ പുറത്താകാതെ നിന്നു. ദില്ലിക്കായി മിച്ചൽ മാർഷ്, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതവും ലളിത് യാദവ്, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Related Articles

Latest Articles