ഹൈദരാബാദ് : തെലങ്കാനയിൽ ഭരണംനഷ്ടമായ ബിആര്‍എസിന് കനത്ത തിരിച്ചടിയായി സിറ്റിങ് എംപിമാരുടെ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞയാഴ്ച രണ്ട് സിറ്റിംഗ് എംപിമാരാണ് പാർട്ടിവിട്ട് ബിജെപിയിൽ അംഗത്വമെടുത്തത്. ഈ രണ്ടു പേരും ഇന്നലെ പുറത്ത് വന്ന ബിജെപിയുടെ ആദ്യഘട്ട 195 അംഗ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തു. സിറ്റിംഗ് സീറ്റ് തന്നെയാണ് ഇരുവർക്കും നൽകിയിരിക്കുന്നത്.
നാഗര്‍കുര്‍നൂല്‍ എംപി. പി. രാമലു വ്യാഴാഴ്ചയാണ് മകനൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്നത്. സഹിരാബാദ് എംപി. ബി.ബി. പാട്ടീല്‍ തൊട്ടടുത്ത ദിവസം ബിജെപിയില്‍ അംഗത്വമെടുത്തു. ഇതിന് പിന്നാലെയാണ് സിറ്റിങ് സീറ്റിൽ തന്നെ മത്സരിക്കാൻ ഇരുവർക്കും ബിജെപി അവസരം നൽകിയത്. ഇരുവരെയും തെരഞ്ഞെടുപ്പിലേക്ക് ബിആർഎസ് പരിഗണിക്കില്ലെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയായിരുന്നു ഇവർ പാർട്ടി വിട്ടത്
17 സീറ്റുള്ള തെലങ്കനായില്‍ ഒമ്പതിടത്തേക്കാണ് ബിജെപി നിലവില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് എത്തുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി അദിലാബാദിലും സങ്കറെഡ്ഡിയിലും പ്രധാനമന്ത്രി പരിപാടികളില്‍ സംബന്ധിക്കും

