മൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷം പത്മനാഭന്റെ മണ്ണിലെത്തിയ നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് ഭക്തി നിർഭരമായ സ്വീകരണം. കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു, ബിജെപി ദേശീയ നിർവാഹക സമിതി അംഗവും അഭിനേതാവുമായ ജി. കൃഷ്ണകുമാർ തുടങ്ങിയ പൗര പ്രമുഖരാണ് ഘോഷയാത്രയെ സ്വീകരിച്ചത്.
മൂന്നാം ദിവസത്തെ പ്രയാണം നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നാണ് ആരംഭിച്ചത്. സരസ്വതി ദേവിയെ കോട്ടയ്ക്കകത്തും കുമാരസ്വാമിയെ ആര്യശാല ഭഗവതി ക്ഷേത്രത്തിലും മുന്നൂറ്റി നങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജയ്ക്കിരുത്തി. 24 വരെ നീളുന്ന നവരാത്രി ഉത്സവ ദിവസങ്ങളിൽ നവരാത്രി മണ്ഡപത്തിൽ പ്രശസ്ത സംഗീതജ്ഞർ പങ്കെടുക്കുന്ന സംഗീതോത്സവം അരങ്ങേറും. 26 ന് തിരിച്ചെഴുന്നെള്ളിത്തും ആരംഭിക്കും.
പത്മനാഭപുരത്തു നിന്ന് പുറപ്പെട്ട നവരാത്രി വിഗ്രഹങ്ങളെ സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചത്.
ഘോഷയാത്രയുടെ ആരംഭം മുതലുള്ള പുണ്യ നിമിഷങ്ങളുടെ തത്സമയ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള ഭക്ത സഹസ്രങ്ങളിലെത്തിച്ച് തത്വമയി നെറ്റ്‌വർക്കും യാത്രയുടെ ഭാഗമായി.

