തിരുവനന്തപുരം: പതിനായിരക്കണക്കിന് സ്ത്രീജനങ്ങളാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ചത്.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പൊങ്കാല അർപ്പിക്കാൻ വന്നവരിൽ വൻ വര്‍ദ്ധനവാണ് ഇക്കുറി ആറ്റുകാലില്‍ കാണാൻ സാധിച്ചത്. നിവേദ്യം അർപ്പിച്ച ശേഷം ഭക്തർ വീടുകളിലേക്ക് മടങ്ങുകയാണ്.ആറ്റുകാൽ പൊങ്കാല എല്ലാവർഷത്തെയും പോലെ ഇക്കുറിയും ഭക്തർക്ക് മനം നിറഞ്ഞ പുണ്യാനുഭവമായി മാറി.പൊങ്കാലക്കെത്തിയ ഭക്തരാൽ ക്ഷേത്ര പരിസരവും നഗരവീഥികളും നിറഞ്ഞു കവിഞ്ഞ നിലയായിരുന്നു. കോവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇക്കുറി വിപുലമായ രീതിയിൽ ആറ്റുകാൽ പൊങ്കാല നടന്നത്.
ഇതര ദേശങ്ങളിൽ നിന്ന് വരെയെത്തിയ ഭക്തർ നഗരത്തിൽ പലയിടങ്ങളിലായി പൊങ്കാലയിട്ടു. ക്ഷേത്ര പരിസരവും നഗരവീഥികളും പൊങ്കാല അടുപ്പുകളാൽ നിറഞ്ഞു. പൊങ്കാലയ്ക്കായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിരുന്നത്.ഇന്ന് രാത്രി എട്ട് മണിവരെ നഗരാതിർത്തിയിൽ വലിയ വാഹനങ്ങൾക്കോ, ചരക്ക് വാഹനങ്ങൾക്കോ പ്രവേശനമില്ല. ആറ്റുകാൽ ക്ഷേത്രപരിസരത്തോ, ദേശീയപാതയിലോ, ഭക്തർ പൊങ്കാലയിടുന്ന പ്രധാന നിരത്തുകളിലോ പാർക്കിംഗില്ല. നിവേദ്യം അർപ്പിച്ച് ഭക്തർ മടങ്ങിയതോടെ ഇനി നഗരം പൂർവ സ്ഥിതിയിലേക്ക് മാറ്റേണ്ടതുണ്ട്. അതിനായി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. പൊങ്കാല അടുപ്പുകൾക്കായി ഉപയോഗിച്ച കല്ലുകൾ ലൈഫ് മിഷന്റെ വീടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുമെന്നാണ് നേരത്തെ മേയർ വ്യക്തമാക്കിയത്.

