ദേവസ്വം ബോർഡിന്റെ അനാസ്ഥ മൂലം ശ്രീകണ്ഠേശ്വരം ശിവകുമാർ എന്ന ആന അനുഭവിക്കുന്നത് നരകയാതന. മതിയായ പരിചരണമോ ലഭിക്കാതെ തീർത്തും അവശനിലയിലാണ് ആന. സംഭവം മാദ്ധ്യമങ്ങളിൽ നിന്നും മൃഗ സ്നേഹികളിൽ നിന്നും മറച്ചു പിടിക്കാനായി നിലവിൽ ആനയെ വലിയശാല മഹാദേവർ ക്ഷേത്രത്തിലേക്ക് മാറ്റി ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണ്.വർഷങ്ങളോളം പലയിടത്തും എഴുന്നള്ളിപ്പിനും മറ്റുമായി കൊണ്ടു നടന്ന് ഇഷ്ടം പോലെ പണം പോക്കറ്റിലാക്കിയ ശേഷം കറിവേപ്പില പോലെ ശിവകുമാറിനെ വലിച്ചെറിഞ്ഞിരിക്കുകയാണ് ദേവസ്വം ബോർഡ്.

മുൻപ് ശിവകുമാറിന്റെ നടുവിന് മുകളിലായി ഒരു മുഴ ഉണ്ടായിരുന്നു. അത് പിന്നീട് വ്രണം ആയപ്പോ ദേവസ്വം ബോർഡ് അധികൃതർ തിരിഞ്ഞ് നോക്കിയില്ലെന്ന് ആരോപണമുയർന്നിരുന്നു. നാട്ടുകാരും ഭക്തരും ചേർന്നാണ് അന്ന് വിദഗ്ധ ചികിത്സ നൽകിയത്.ഇന്നും ആനയ്ക്ക് ആവശ്യമായ ച്യവനപ്രാവശ്യവും, പുല്ലും, അവിലും, വേണ്ട മരുന്നുകളും, മറ്റു സജ്ജീകരണങ്ങളും എല്ലാം ചെയ്യുന്നത് ഭക്തരാണ് എന്നാണ് ലഭിക്കുന്ന വിവരം . നേരത്തെ നന്ദി എന്ന കാള ചത്തത് ദേവസ്വം ബോർഡിന്റെ അനാസ്ഥ മൂലമാണെന്ന് ആക്ഷേപമുയർന്നിരുന്നു. ഇത് പൊതുജന മദ്ധ്യത്തിൽ ചർച്ച ആയതോടെ ശിവകുമാർ വലിയശാല ക്ഷേത്രവളപ്പിൽ ചരിഞ്ഞാൽ അത് തങ്ങളെ ബാധിക്കുമെന്ന് ദേവസ്വം ബോർഡിന് ഭയമുണ്ട്. അതിനാൽ ആനയെ എങ്ങനെയും വേറെ എവിടേക്കെങ്കിലും മാറ്റി, ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകാനുള്ള ചരടുവലികൾ തുടങ്ങിയതായാണ് വിവരം.



