Saturday, May 18, 2024
spot_img

കാനഡയിലെ കാട്ടുതീ മൂലം ന്യൂയോര്‍ക്ക് നഗരം പുകയ്ക്കുള്ളിലായി; ജനങ്ങൾക്ക് ജാഗ്രതാ നിര്‍ദേശം; മുഖ്യമന്ത്രിയുടെ അമേരിക്കൻ പരിപാടികളെ ബാധിക്കുമോ എന്ന് ആശങ്ക

ന്യൂയോര്‍ക്ക് : കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയെത്തുടർന്ന് ന്യൂയോര്‍ക്ക് നഗരം പുകമൂടിയിരിക്കുകയാണ്. ലോക കേരള സഭ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും പരിവാരങ്ങളും അമേരിക്കയിലേക്ക് തിരിച്ചിരുന്നു. എന്നാല്‍ സമ്മേളനം നടക്കുന്ന ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയർ അടക്കം പുകയാല്‍ മൂടിയിരിക്കുകയാണ്. പലയിടത്തും വിമാന, റോഡ് ഗതാഗതവും സ്തംഭിച്ച നിലയിലാണ് . നഗരത്തിലെ വായു ഗുണനിലവാര സൂചിക ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങിയിരിക്കുന്നതിനാല്‍ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോക കേരള സമ്മേളനം നടത്തുന്നത് സംഘാടകരെ ആശങ്കയിലാക്കിയിട്ടുണ്ട്.

ടൊറന്റോ, ഒന്റാരിയോ, ക്യുബെക്ക് എന്നീനഗരങ്ങളിൽ പുകപടലങ്ങൾ നിറഞ്ഞ് അന്തരീക്ഷ മലിനീകരണവും രൂക്ഷമാണ്. ന്യൂയോർക്ക് നഗരത്തിലെ വായു ശ്വാസയോഗ്യമല്ലെന്നും അനാരോഗ്യകരമാണെന്നും റിപ്പോർട്ടുണ്ട്. 160ഓളം തീപിടിത്തങ്ങളുണ്ടായ ക്യൂബക്കിലെ സ്ഥിതിയും പരിതാപകരമാണ്. കനേഡിയൻ തലസ്ഥാനമായ ഒട്ടാവയിലെ വായുനിലവാരം മോശമാണെന്നും ഈ വായു ശ്വസിക്കുന്നതിലൂടെ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനിടയുണ്ടെന്നും പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ടോറന്റോയിലും സ്ഥിതി വ്യത്യസ്തമല്ല. വടക്കുകിഴക്കൻ അമേരിക്കയിൽ വായുനിലവാരം മോശമായതിനാൽ നിരവധിപേർക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ റിപ്പോർട്ട് ചെയ്തു.

600ഓളം ഫയര്‍ എന്‍ജിനുകളും ഉദ്യോഗസ്ഥരും അടങ്ങുന്ന വൻ സംഘത്തെ കാനഡയില്‍ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ബൈഡന്‍ അറിയിച്ചു. കാട്ടുതീയെ തുടര്‍ന്ന് ഇതുവരെ 6.7 മില്യണ്‍ ഏക്കര്‍ വനം കത്തിനശിച്ചിട്ടുണ്ട്.

Related Articles

Latest Articles