Monday, June 17, 2024
spot_img

ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുത്തേക്കും

തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ആഭ്യന്തരവകുപ്പിന്‍റെ ശിപാര്‍ശ. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ്‌സെക്രട്ടറിക്ക് കൈമാറി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക മുഖ്യമന്ത്രിയായിരിക്കും. ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും യോഗ്യതയ്്ക്ക് തുല്യമായ പദവി നല്‍കണമെന്നും സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

രണ്ടു വര്‍ഷമായി ജേക്കബ് തോമസ് സസ്പെന്‍ഷനിലായിരുന്നു. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് പുസ്തകമെഴുതിയതിന്റെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം സസ്പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ നടപടിയ്ക്കെതിരെ ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയിലാണ് ട്രൈബ്യൂണലിന്റെ നിര്‍ണായക ഉത്തരവുണ്ടായത്. സര്‍ക്കാര്‍ വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണ് എന്നതടക്കമുള്ള ജേക്കബ് തോമസിന്‍റെ വാദങ്ങളെല്ലാം ട്രൈബ്യൂണല്‍ ശരിവച്ചു.

Related Articles

Latest Articles