ദില്ലി: യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി സംഭാഷണം നടത്തിയതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും ചർച്ചകൾ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ടെലിഫോണിലൂടെയാണ് ഇരു നേതാക്കളും ചർച്ച നടത്തിയത്. റഷ്യ – യുക്രെയ്ൻ യുദ്ധവും അടുത്തിടെ യുക്രെയ്‌നിൽ നടത്തിയ സന്ദർശനത്തിന്റെ വിവരങ്ങളും മോദി റഷ്യൻ പ്രസിഡന്റിനെ ധരിപ്പിച്ചു. സംഘർഷത്തിന് ശാശ്വതവും സമാധാനപൂർണവുമായ പരിഹാരം കാണുന്നതിന് നയതന്ത്ര ചർച്ചകളുടെ പ്രാധാന്യത്തെക്കുറിച്ച് മോദി ആവർത്തിച്ചു.
കഴിഞ്ഞ ദിവസവും ഫോണിലൂടെയാണ് ബൈഡനുമായും മോദി ചർച്ച നടത്തിയത്. തന്ത്രപരമായ പ്രത്യേക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് പുടിനുമായി ചർച്ച ചെയ്തതായി പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. സംഘർഷത്തിൽ സമാധാനപരമായ പരിഹാരത്തിന് പിന്തുണ നൽകാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബറിൽ റഷ്യയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ താൻ പങ്കെടുക്കുമെന്നും പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റിന് ഉറപ്പ് നൽകിയിട്ടുണ്ട്. ഒക്ടോബർ 22 മുതൽ 24 വരെ റഷ്യൻ നഗരമായ കാസനിലാണ് ഉച്ചകോടി നടക്കുന്നത്.

