Wednesday, December 24, 2025

ഉരുകിയൊലിച്ച് പാലക്കാട് !ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടുത്തമാസം രണ്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്

ഉഷ്ണതരംഗ സാധ്യത ഒഴിയാത്തതിനാൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടുത്തമാസം രണ്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. സ്വകാര്യ ട്യൂഷൻ സെന്ററുകൾ , സ്കൂളുകളിലെ അഡീഷണൽ ക്ലാസുകൾ, സമ്മർ ക്യാമ്പുകൾ എന്നിവയ്ക്കെല്ലാം ഉത്തരവ് ബാധകമാണ്. മെഡിക്കൽ കോളേജുകളിലെ വിദ്യാർഥികൾക്ക് ഉത്തരവ് ബാധകമല്ല.

ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മേയ് മൂന്നുവരെ പാലക്കാട് ജില്ലയിൽ താപനില 41°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊല്ലം, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ താപനില 40°C വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Related Articles

Latest Articles