മെൽബൺ : ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങൾ തകർക്കപ്പെടുന്ന സംഭവങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ച് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. സമാധാനപരമായ പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും മുന്നോട്ടു പോകുന്ന ഇന്ത്യൻ-ഓസ്‌ട്രേലിയൻ സമൂഹത്തിൽ വിദ്വേഷവും വിഭജനവും സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്ന് ഹൈക്കമ്മീഷൻ ആരോപിച്ചു.
തിങ്കളാഴ്ചയാണ് ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ടത്. ക്ഷേത്ര മതിലുകളിൽ അക്രമകാരികൾ ഇന്ത്യാ വിരുദ്ധ വാക്യങ്ങളും ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും സ്പ്രേ പെയിന്റ് ഉപയോഗിച്ച് എഴുതി പീടിപ്പിച്ചിരുന്നു. ജനുവരി 16ന് വിക്ടോറിയയിലെ കാരം ഡൗണിലുള്ള ചരിത്രപ്രസിദ്ധമായ ശ്രീ ശിവ വിഷ്ണു ക്ഷേത്രവും സമാനമായ രീതിയിൽ അക്രമിക്കപ്പെട്ടിരുന്നു. ജനുവരി 12 ന് മെൽബണിലെ സ്വാമിനാരായണ ക്ഷേത്രം ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച്വിഅക്രമകാരികൾ വികൃതമാക്കിയിരുന്നു.
തങ്ങളുടെ ആശങ്കകൾ ഓസ്‌ട്രേലിയൻ സർക്കാരുമായി പങ്കുവെച്ചിട്ടുണ്ടെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ഹൈക്കമ്മീഷൻ അറിയിച്ചു.

