ഷിരൂരിൽ മണ്ണിനടിയിൽപ്പെട്ട് കാണാതായ അർജുന്റെ മൃതദേഹം രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലെത്തിക്കും .മൃതദേഹത്തിൽനിന്ന് ഡി.എൻ.എ. സാംപിൾ ശേഖരിച്ച് റീജണൽ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഫലം വരാൻ 18 മണിക്കൂർവരെ സമയമെടുത്തേക്കാമെന്നാണ് ലാബ് ഡയറക്ടർ അറിയിച്ചതെന്ന് മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷറഫ് പറഞ്ഞു.ഇന്ന് ഉച്ചയോടെ ഡി.എൻ.എ. ഫലം ലഭിച്ചാൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി വൈകിട്ടുതന്നെ മൃതദേഹം കൊണ്ടുവരാൻ സാധിക്കുമെന്നാണ് അർജുന്റെ സഹോദരീഭർത്താവ് ജിതിനെ പോലീസ് അറിയിച്ചത്.
ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് 72 ദിവസങ്ങൾക്കിപ്പുറം അർജുന്റെ മൃതദേഹവും ലോറിയും നദിയിൽനിന്ന് കണ്ടെടുത്തത്.അർജുന്റെ വസ്ത്രങ്ങൾ, രണ്ട് മൊബൈൽ ഫോണുകൾ, ഭക്ഷണം പാകംചെയ്യാനുള്ള പാത്രങ്ങൾ, പുതപ്പ്, ഗ്യാസ് സിലിൻഡർ, മകനുള്ള കളിപ്പാട്ടമായ ലോറി, ചെരിപ്പ്, വെള്ളം സൂക്ഷിക്കുന്ന വലിയ ബോട്ടിൽ, അരി എന്നിവയും കണ്ടെത്തിയിരുന്നു.

