Monday, May 27, 2024
spot_img

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത് !അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ തെറ്റിദ്ധാരണയുണ്ടാക്കും വിധം പരാമർശം നടത്തിയതിൽ ജർമ്മനിയോട് കടുത്ത അതൃപ്തി അറിയിച്ച് ഭാരതം

ദില്ലി മദ്യനയ അഴിമതിക്കേസിലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധത്തിൽ പരാമർശം നടത്തിയതിൽ ജർമ്മനിയോട് അതൃപ്തി പ്രകടിപ്പിച്ച് ഭാരതം.ജർമ്മൻ മിഷൻ ഡപ്യൂട്ടി ഡയറക്ടറെ വിദേശകാര്യ മന്ത്രാലയം വിളിച്ച് വരുത്തി. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ഭാരതം ജർമ്മനിയോട് നിർദ്ദേശിച്ചു.

കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഔദ്യോഗിക പ്രസ്താവനയിലൂടെയായിരുന്നു ജർമ്മനി രംഗത്ത് എത്തിയത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ന്യായമായ വിചാരണയ്ക്ക് കെജ്‌രിവാൾ അർഹനാണെന്നും ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്ത് ഇത് നടക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത് എന്നുമായിരുന്നു ജർമ്മൻ വിദേശകാര്യമന്ത്രാലയം വക്താവ് സെബാസ്റ്റ്യൻ ഫിഷർ പ്രതികരിച്ചത്. രൂക്ഷ വിമർശനമാണ് ജർമ്മൻ വക്താവിന്റെ തെറ്റിധാരണ ഉണ്ടാക്കുന്ന വിധത്തിലുള്ള പ്രസ്താവനയിൽ ഉണ്ടായത്.

ഇത്തരം പരാമർശങ്ങൾ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെ ചോദ്യം ചെയ്യുമെന്ന് പ്രതിനിധിയെ അറിയിച്ചതായി കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചു.

“പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും ബോധിപ്പിച്ചിട്ടുണ്ട്. നിയമത്താൽ സ്ഥാപിതമായ ജനാധിപത്യ റിപ്പബ്ലിക് ആണ് ഇന്ത്യ. അതുകൊണ്ട് തന്നെ നിയമാനുസൃതം അല്ലാത്ത എല്ലാ കാര്യങ്ങളിലും നടപടി നേരിടേണ്ടിവരും. ഇന്ത്യയിൽ മാത്രമല്ല ഏതൊരു ജനാധിപത്യരാജ്യത്തും അങ്ങനെയാണ്. തെറ്റ് ആര് ചെയ്താലും നിയമനടപടി നേരിടേണ്ടിവരും. അത് രാജ്യത്തിന്റെ മാത്രം കാര്യമാണ്. ഇതിൽ നടത്തുന്ന പരാമർശങ്ങൾ അനാവശ്യമാണ്” – വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Related Articles

Latest Articles