Saturday, May 18, 2024
spot_img

രാഷ്ട്രീയത്തിലോ സൈനിക സേവനങ്ങളിലോ പ്രവർത്തിക്കാറില്ല !

വലിയ ആഘോഷമോ ആഡംബരമോ കാണിക്കാതെ ലളിത ജീവിതം നയിക്കുന്ന മറ്റു വിഭാഗങ്ങളുമായി വലിയ തോതിൽ ഇടപെടൽ നടത്താത്ത ഒരു വിഭാഗം ജനങ്ങളെക്കുറിച്ച് ചിന്തിക്കാനാകുമോ ? അത്തരത്തിലുള്ള ഒരു വിഭാഗമാണ് യഹോവ സാക്ഷികൾ. ബാഹ്യലോകം ‘സാത്താന്റെ’ പിടിയിലാണെന്ന് വിശ്വസിക്കുന്ന ഇവർ സാധാരണ ഗതിയിൽ രാഷ്ട്രീയത്തിലോ സൈനിക സേവനങ്ങളിലോ പ്രവർത്തിക്കാറില്ല. എല്ലാം സത്യദൈവമായ യഹോവയിൽ സമർപ്പിക്കുന്നതിലൂടെ സൗഖ്യത്തിലേക്ക് നീങ്ങാൻ മനുഷ്യന് കഴിയുമെന്നാണ് ഇവരുടെ വിശ്വാസം. ക്രൈസ്തവ വിഭാഗത്തിൽ തന്നെ വ്യത്യസ്ത വിശ്വാസരീതി പിന്തുടരുന്ന ക്രിസ്തീയ മതവിഭാഗമാണ് യഹോവയുടെ സാക്ഷികള്‍. ലോകത്താകെ രണ്ടു കോടിയോളം ആളുകൾ ഈ വിഭാഗത്തിലുണ്ടെന്നാണ് വിവരം. ചാള്‍സ് റ്റെയ്സ് റസ്സല്‍ എന്ന അമേരിക്കന്‍ ബൈബിള്‍ ഗവേഷകന്‍ 1876 സ്ഥാപിച്ച “ബൈബിള്‍ വിദ്യാര്‍ഥികള്‍” എന്ന നിഷ്പക്ഷ ബൈബിള്‍ പഠന സംഘടനയാണ് പില്‍ക്കാലത്ത് യഹോവാ സാക്ഷികളായി മാറിയത്. ബൈബിൾ മാത്രം അടിസ്ഥാനപ്പെടുത്തിയുളളതാണ് ഈ വിഭാഗക്കാരുടെ വിശ്വാസങ്ങളും ആരാധനാ രീതിയും. യഥാസ്ഥിക ധാർമിക മൂല്യങ്ങൾ പിന്തുടരുന്ന യഹോവ സാക്ഷികള്‍ നിർബന്ധമായും മതപ്രചാരണത്തിന്റെ ഭാഗമാകണം എന്നതാണ് കീഴ്വഴക്കം.

1905ലാണ് ഈ മത വിഭാഗത്തിൽപ്പെടുന്നവര്‍ കേരളത്തില്‍ സുവിശേഷ പ്രചാരണത്തിന് എത്തിയത്. 1911ല്‍ ആദ്യകാല പ്രചാരകന്‍ ടി.സി.റസല്‍ തിരുവന്തപുരം ജില്ലയില്‍ പ്രസംഗിച്ച സ്ഥലമാണ് റസല്‍പുരം എന്നറിയപ്പെടുന്നത്. സംസ്ഥാനത്ത് പതിനയ്യായിരത്തിലേറെ യഹോവാ സാക്ഷികളുണ്ടെന്നാണ് കണക്ക്. ക്രിസ്മസ്, ഈസ്റ്റര്‍, ജന്മദിനം എന്നിവ ആഘോഷിക്കാത്ത ഇവർ ക്രിസ്തുവിന്റെ മരണദിനം ആചരിക്കാറുണ്ട്. പൗരാണിക ജൂത കലണ്ടർ പ്രകാരമുള്ള നിസാൻ 14 എന്ന തീയതിയിലാണ് ഈ ദിനം ആചരിക്കുന്നത്. ബൈബിളിൽ ഈ ദിനം മാത്രമാണ് ആചരിക്കണമെന്ന് വിശ്വാസികളോട് നിർദേശിക്കുന്നതെന്നും യഹോവ സാക്ഷികൾ അവകാശപ്പെടുന്നു. പരമ്പരാഗത ആരാധനാസമ്പ്രദായങ്ങളോ, പ്രത്യേക സംസാരവിധമോ, ഉപവാസമോ ഒന്നും അവർ നടത്തുന്നില്ല. സാക്ഷികൾ സഹവിശ്വാസികളെ ‘സഹോദരൻ’ അല്ലെങ്കിൽ ‘സഹോദരി’ എന്ന് അഭിസംബോധന ചെയ്യുകയും വിശ്വാസികളെ ഒരു കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുകയും ചെയ്യുന്നു. യേശു ദൈവമല്ല എന്ന് വിശ്വസിക്കുന്ന മതവിഭാഗമാണ്‌ യഹോവയുടെ സാക്ഷികൾ. മറ്റു ക്രൈസ്തവ സഭകളിൽ നിന്നു വ്യത്യസ്തമായി ഇവർ ദൈവത്തിൽ വിശ്വസിക്കുന്നില്ല. യഹോവ മാത്രമാണ് ഏകദൈവം എന്ന് ഇവർ വിശ്വസിക്കുന്നു. യേശു ദൈവമല്ലാത്ത, ദൈവ പുത്രൻ മാത്രമാണെന്നും ഏക സത്യദൈവം യഹോവയാണെമാണ് ഇവർ വിശ്വസിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും ഒരു പ്രദേശത്തെ യഹോവ സാക്ഷികൾ ഒരുമിച്ച് യോഗം ചേരാറുണ്ട്. എല്ലാ വർഷവും നടത്തുന്ന കൺവൻഷനുകളിലും നിരവധി വിശ്വാസികൾ പങ്കെടുക്കാറുണ്ട്. യഹോവയുടെ സാക്ഷികൾ ആരാധനക്കായി കൂടിവരുന്ന സ്ഥലങ്ങളെ രാജ്യഹാൾ എന്നാണ് വിളിക്കുന്നത്. രാജ്യഹാളിൽ പൊതുജനങ്ങളെയും അവർ സ്വാഗതം ചെയ്യുന്നു. ലോകവ്യാപകമായി ഇത്തരത്തിൽ ഒരുലക്ഷത്തിൽ പരം രാജ്യഹാളുകൾ ഉണ്ട്. ആരാധനയുടെ ഭൂരിഭാഗവും ബൈബിളും ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണങ്ങളുടെയും പഠനത്തിനുള്ളതാണ്.

Related Articles

Latest Articles