Tuesday, December 23, 2025

കോൺഗ്രസ്സ് രാജവംശത്തിന് അപ്പുറത്തേക്ക് രാജ്യത്തെ സേവിച്ച നേതാക്കളുണ്ടെന്ന് അംഗീകരിക്കുന്നില്ല !

ഡൽഹിയിലെ തീൻ മൂർത്തി ഭവനിലെ മ്യൂസിയത്തിനെ പുനർനാമകരണം ചെയ്തതിൽ നിലവിട്ട് വമിർശനം ഉന്നയിച്ച കോൺഗ്രസിന് ചുട്ടമറുപടി നൽകി ബിജെപി. നെഹ്രു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റിയെ പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്നാണ് പുനർനാമകരണം ചെയ്തത്. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ജവഹർലാൽ നെഹ്റു മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി വരെയുള്ള എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകളും, ഓരോ കാലഘട്ടത്തിലെ വെല്ലുവിളികളെ അവർ എങ്ങനെ നേരിട്ടുവെന്നതും പുതിയ രൂപത്തിൽ സ്ഥാപനം കാണിക്കുന്നതിനാലാണ് ഈ പേരുമാറ്റം നടത്തിയിരിക്കുന്നത്. വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് ആവശ്യപ്പെട്ട ബിജെപി, കോൺഗ്രസിന്റെ വിമർശനങ്ങൾക്ക് ചുട്ടമറുപടിയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. കോൺഗ്രസിന്റെ പരിഹാസങ്ങളെ രാഷ്ട്രീയ ദഹനക്കേടിന്റെ ഉത്തമ ഉദാഹരണം എന്നാണ് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ വിശേഷിപ്പിച്ചത്. ഒരു രാജവംശത്തിനപ്പുറം നമ്മുടെ രാഷ്ട്രത്തെ സേവിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്ത നേതാക്കളുണ്ട് എന്ന ലളിതമായ വസ്തുത അംഗീകരിക്കാനുള്ള കഴിവില്ലായ്മ, പ്രധാനമന്ത്രി സംഗ്രഹാലയ, രാഷ്ട്രീയത്തിന് അതീതമായ ഒരു ശ്രമമാണ്. ഇത് തിരിച്ചറിയാനുള്ള കാഴ്ചപ്പാട് കോൺഗ്രസിന് ഇല്ലെന്ന് ജെപി നദ്ദ കുറ്റപ്പെടുത്തി.

കോൺഗ്രസ് ഒരിക്കലും ഒരു രാജവംശത്തിനപ്പുറം നോക്കിയിട്ടില്ലെന്ന് ബിജെപി എംപി നീരജ് ശേഖറും തുറന്നടിച്ചു. എന്റെ പിതാവ്, മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ ജി എല്ലായ്പ്പോഴും രാജ്യതാൽപ്പര്യത്തിന് വേണ്ടിയാണ് പ്രവർത്തിച്ചത്. അദ്ദേഹം കോൺഗ്രസിനൊപ്പം പോലും പ്രവർത്തിച്ചിരുന്നു, പക്ഷേ അവർ ഒരിക്കലും ഒരു രാജവംശത്തിനപ്പുറം നോക്കിയില്ല. ഇപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ പ്രധാനമന്ത്രിമാരെ പാർട്ടി ഭേദമന്യേ ആദരിക്കുമ്പോൾ, കോൺഗ്രസ് എതിർക്കുകയാണ്. അത് ഭയാനകമായ മനോഭാവമാണെന്നും നീരജ് ശേഖർ തുറന്നടിച്ചു. പ്രധാനമന്ത്രിമാരായിരുന്ന സ്വന്തം നേതാക്കളെപ്പോലും അപമാനിക്കാൻ കോൺഗ്രസ് മടിക്കുന്നില്ലെന്നും ബിജെപി ആരോപിച്ചു. ജവഹർലാൽ നെഹ്റുവിന്റെയും പിന്നീട് അധികാരത്തിലേറിയ പ്രധാനമന്ത്രിമാരുടെയും സംഭാവനകളും നേട്ടങ്ങളും സാങ്കേതികവിദ്യ ഉപയോഗിച്ച് എങ്ങനെ മികച്ച രീതിയിൽ പ്രദർശിപ്പിച്ചുവെന്ന് കാണാൻ നേതാക്കൾ ഇതുവരെ മ്യൂസിയം സന്ദർശിച്ചിട്ടില്ലെങ്കിലും കോൺഗ്രസ് ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദിയും തുറന്നടിച്ചു.

Related Articles

Latest Articles