Thursday, May 23, 2024
spot_img

മലപ്പുറത്ത് നിന്ന് നിര്‍ത്തിയിട്ട ബൈക്കിലെ പെട്രോളും നമ്പര്‍ പ്ലേറ്റും അടിച്ചുമാറ്റി കടന്നു; ആലപ്പുഴയില്‍ നിന്ന് പിഴയടിച്ച് എഐ ക്യാമറ

മലപ്പുറം: നിര്‍ത്തിയിട്ട ബൈക്കില്‍ നിന്ന് പെട്രോളും നമ്പര്‍ പ്ലേറ്റും അടിച്ച് മാറ്റി. ഒടുവിൽ നിയമലംഘനത്തിന് ആലപ്പുഴയില്‍ നിന്ന് പിഴയടിച്ച് എഐ ക്യാമറ. മലപ്പുറം ചെമ്മാട് സികെ നഗറിലെ കൊളക്കാടൻ പുളിക്കൽ കെ.പി.അഷ്‌റഫിനാണ് ആലപ്പുഴ അരൂരിൽ നിന്ന് നിയമ ലംഘനത്തിന് നോട്ടിസ് ലഭിച്ചത്. കഴിഞ്ഞ 14നാണ് ഇയാളുടെ ബൈക്കിന്റെ നമ്പർ പ്ലേറ്റും പെട്രോളും മോഷ്ടാവ് കവർന്നത്.

12നാണ് രാത്രി സുഹൃത്തുക്കളോടൊപ്പം യാത്ര പോകുന്നതിനു മുൻപ് അഷ്‌റഫ് ബൈക്ക് ചെമ്മാട് സികെ നഗർ റോഡ് ജംക്ഷനിൽ സുരക്ഷിതമായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. 14ാം തിയതി തിരികെ വന്ന് ബൈക്ക് എടുക്കാന്‍ നോക്കുമ്പോഴാണ് പെട്രോളും നമ്പര്‍ പ്ലേറ്റും കാണാതായത് ശ്രദ്ധിച്ചത്. തൊട്ട് അടുത്ത ദിവസം തന്നെ റോഡ് നിയമ ലംഘനത്തിനുള്ള മൊബൈലില്‍ പിഴയടക്കാനുള്ള നോട്ടീസ് എത്തി. ആലപ്പുഴ അരൂരിൽ നിന്നായിരുന്നു ട്രാഫിക് പോലീസിന്റെ മൊബൈൽ സന്ദേശം.

അഷ്‌റഫിന്റെ കെഎൽ 55 വൈ 5003 നമ്പർ ബൈക്ക് 15ന് രാവിലെ 11.21ന് നിയമലംഘനം നടത്തിയതിന് പിഴ അടയ്ക്കണം എന്നായിരുന്നു സന്ദേശം. ഓൺലൈനിൽ പരിശോധിച്ചപ്പോൾ ബൈക്കിന്റെ ഫോട്ടോയും കണ്ടു. എന്നാല്‍ ബൈക്കിലെ യാത്രക്കാര്‍ മറ്റ് രണ്ട് പേര്‍ ആയിരുന്നുവെന്ന് മാത്രം. മോഷ്ടിച്ച നമ്പർ പ്ലേറ്റ് ഈ ബൈക്കിന് ഘടിപ്പിച്ചതായാണ് അഷ്‌റഫ് കരുതുന്നത്. ഇതോടെ ആലപ്പുഴ ട്രാഫിക് പോലീസ്, തിരൂരങ്ങാടി പോലീസ്, മോട്ടർ വാഹന വകുപ്പ് എന്നിവർക്ക് പരാതി നൽകി നടപടികള്‍ക്കായി കാത്തിരിക്കുകയാണ് അഷ്റഫ്.

Related Articles

Latest Articles