Wednesday, December 24, 2025

കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുത്, ജനങ്ങൾ വീടുകളിൽ തന്നെ തുടരുക; മാനന്തവാടിയിൽ നിരോധനാജ്ഞ, ഭീതിയിൽ ജനങ്ങൾ!

വയനാട്: മാനന്തവാടിയിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയതിനെ തുടർന്ന് 144 പ്രഖ്യാപിച്ചു കൊണ്ടുള്ള നടപടികൾ സ്വീകരിച്ചു. പ്രദേശത്തെ സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കേണ്ടതില്ല എന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. നിലവിൽ സ്‌കൂളിൽ എത്തിയ കുട്ടികൾ സ്‌കൂളിൽ തന്നെ തുടരാനാണ് നിർദ്ദേശം. ജനങ്ങൾ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും വനംമന്ത്രി അറിയിച്ചു.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമായതിനാൽ മയക്കുവെടിവെക്കുന്നത് സാധ്യമല്ല. എന്നാൽ ആവശ്യമായി വന്നാൽ മയക്കുവെടിവെക്കാനുള്ള നടപടികൾ ആരംഭിക്കും. കർണാടകാ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് അവരുടെ സഹായം തേടാനും മന്ത്രി നിർദ്ദേശം നൽകി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ആന ജനവാസ മേഖലയിലെത്തിയത്. ഗോദാവരി കോളനിക്ക് സമീപം കണിയാരത്താണ് ആന ആദ്യം എത്തിയത്. തുടർന്ന് രാവിലെയോടെ ആന മാനന്തവാടിയിലെത്തുകയായിരുന്നു.

അതേസമയം, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ രേണു രാജ് അറിയിച്ചു. പരമാവധി വീടുകളിൽ തന്നെ തുടരുക. മാനന്തവാടി ടൗണിലേക്കുള്ള സഞ്ചാരം കുറക്കുക. ആനയെ പിന്തുടരുകയോ ദൃശ്യങ്ങൾ പകർത്തുകയോ ചെയ്യരുത്. ആനയെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായും കളക്ടർ അറിയിച്ചു.

Related Articles

Latest Articles