Sunday, June 2, 2024
spot_img

ഡോ. വന്ദന ദാസിന്റെ എംബിബിഎസ് ഡിഗ്രി ഏറ്റുവാങ്ങി മാതാപിതാക്കൾ, വിതുമ്പിക്കരഞ്ഞ് അമ്മ; ആശ്വസിപ്പിച്ച് ഗവർണർ

തൃശൂർ : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച അദ്ധ്യാപകന്റെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ വന്ദന ദാസിന് ആരോഗ്യ സർവകലാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യിൽ നിന്നും ബിരുദ സർട്ടിഫിക്കറ്റ് വന്ദനയുടെ മാതാപിതാക്കളാണ് ഏറ്റുവാങ്ങിയത്. ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങവേ വിതുമ്പിക്കരഞ്ഞ വന്ദനയുടെ അമ്മ വസന്തകുമാരിയെ ഗവര്‍ണര്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.

അതേസമയം വന്ദന ദാസ് കൊലക്കേസിൽ പ്രതി ജി. സന്ദീപിന് തൂക്കുകയർ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി ക്രൈം ബ്രാഞ്ച് ഇന്നലെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കൊല്ലം ജില്ലാ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസാണ് കുറ്റപത്രം സമർപ്പിച്ചത്. 1050 പേജുകളും 136 സാക്ഷി മൊഴികളും ഉൾക്കൊള്ളുന്നതാണ് കുറ്റപത്രം. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകൾ സഹിതമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. വന്ദനയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയതെന്നും പ്രതിയായ സന്ദീപിന് കുറ്റകൃത്യത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നതായും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 83 ദിവസം നീണ്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം. പതിനൊന്നു വകുപ്പുകളിലുള്ള കുറ്റങ്ങളാണ് സന്ദീപിന് എതിരെയുള്ളത്‍.

കൊലപാതകം (302), കൊലപാതകശ്രമം (307), തെളിവു നശിപ്പിക്കൽ (201), കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ (506-2), ആയുധം ഉപയോഗിച്ചുള്ള ആക്രമണം (324), അന്യായ തടസ്സം സൃഷ്ടിക്കൽ (341), ആക്രമിച്ച് പരുക്കേൽപിക്കൽ (323), ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ (332),(333), പൊതു സേവകരെ ആക്രമിക്കൽ (353) എന്നിവയ്ക്ക് പുറമേ മെഡിക്കൽ സർവീസ് സംരക്ഷണ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സംഭവ ദിവസം പുലർച്ചെ നാലര മുതൽ അര മണിക്കൂറോളം സന്ദീപ് ആശുപത്രിയിൽ നടത്തിയ ആക്രമണങ്ങളുടെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളാണ് തെളിവുകളിൽ പ്രധാനമായി റിപ്പോർട്ടിലുള്ളത്. കഴിഞ്ഞ മേയ് 10നു പുലർച്ചെ നാലരയോടെയാണ് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. ആക്രമണത്തിൽ പോലീസുകാർ ഉൾപ്പെടെ 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കേസിൽ പ്രതി ജി.സന്ദീപിന്റെ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ വ്യഴാഴ്ച കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി തള്ളിയിരുന്നു.കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പൂർത്തിയാക്കിയതിന് ശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു . നെടുമ്പന ഗവ. യുപി സ്കൂൾ അദ്ധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശിയായ ജി.സന്ദീപിനെ സംഭവത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.

Related Articles

Latest Articles