റിയാദ്: സൗദി അറേബ്യയുടെ എണ്ണ പമ്പിങ് സ്റ്റേഷനുകൾക്കുനേരെ തീവ്രവാദികളുടെ ഡ്രോൺ ആക്രമണം. യമ്പൂ തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനിലുള്ള സൗദി അരാംകോയുടെ രണ്ട് പമ്പിങ് സ്റ്റേഷനുകളാണ് ആക്രമിക്കപ്പെട്ടത്. യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതരാണ് അക്രമണത്തിനുപിന്നിൽ.
അക്രമണത്തെത്തുടർന്ന് തീപ്പിടുത്തമുണ്ടാവുകയും പമ്പിങ് സ്റ്റേഷന് നേരിയ തകരാറുകള്‍ സംഭവിക്കുകയും ചെയ്തു. തകരാറുകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ആക്രമണത്തിനു പിന്നാലെ പമ്പിങ് നിർത്തിവെച്ചു. എന്നാൽ ക്രൂഡും ഉൽപന്നങ്ങളും കയറ്റുമതി ചെയ്യുന്നതിൽ തടസമില്ല.
1200 കിലോമീറ്റർ നീളമുള്ള ഈ പൈപ്പ് ലൈനുകള്‍ വഴിയാണ് സൗദിയിലെ കിഴക്കൻ എണ്ണപ്പാടങ്ങളിലെ ക്രൂഡോയില്‍ തുറമുഖ നഗരമായ യമ്പൂവിലെത്തിക്കുന്നത്. പ്രതിദിനം 50 ലക്ഷം ബാരൽ എണ്ണ കൊണ്ടുപോകാൻ ശേഷിയുള്ള പൈപ്പ് ലൈനാണിത്.
ആക്രമണവാർത്ത ക്രൂഡ് ഓയിൽ വില 1.8ശതമാനം ഉയർത്തി. ഗൾഫിലെ ഓഹരിവിപണിയിലും ഇടിവുണ്ടായി.

