കൊച്ചി: കൊച്ചിയില്‍ ലഹരി പാര്‍ട്ടി നടന്നത് സര്‍ക്കാരിന്റെ ആഡംബര നൗകയിലാണെന്ന് സംശയം. നെഫ്രടിടി എന്ന ആഡംബര നൗകയില്‍ ലഹരിപാര്‍ട്ടി നടന്നതായി ചൂണ്ടിക്കാട്ടി കെഐസ്ഐഎന്സി എംഡി പ്രശാന്ത് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. ഇക്കഴിഞ്ഞ പതിമൂന്നിന് ലഹരി പാര്‍ട്ടി നടത്തിയതായി സംശയിച്ചാണു പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ പോലീസ് അന്വേഷണവും ആരംഭിച്ചു.
അതേസമയം, വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലെ നിശാ പാര്‍ട്ടിക്കിടെ ലഹരി ഉപയോഗിച്ച കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും സൂചനകളുണ്ട്. കേസിലെ മുഖ്യപ്രതി അജ്മലിനും രണ്ടും മൂന്നും പ്രതികളായ മെഹറിനും നബീലിനുമാണ് പോലീസ് ഇത്തരത്തില്‍ ബന്ധം സംശയിക്കുന്നത്. അറസ്റ്റിലായ ഒമ്പതു പ്രതികളുടെ വാഹനങ്ങളില്‍ നിന്നും ബാഗുകളില്‍ നിന്നുമായാണു ലഹരി വസ്തുക്കളെല്ലാം ലഭിച്ചത്.
തൊടുപുഴ സ്വദശിയായ ഒന്നാം പ്രതി അജ്മല്‍ സക്കീറാണ് ഇവയെല്ലാം നിശാ പാര്‍ട്ടികളിലേക്ക് എത്തിച്ചു നല്‍കിയത്. എംഡിഎംഎ, എല്‍എസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റസി പില്‍സ്, എക്സറ്റസി പൗഡര്‍, ചരസ്സ്, ഹഷീഷ് എന്നിവയാണു പ്രതികളില്‍നിന്നു കണ്ടെടുത്തത്. മുന്‍പ് വിവിധയിടങ്ങളില്‍ ഇവര്‍ പാര്‍ട്ടികളില്‍ ലഹരിയുടെ ഉപയോഗം നടന്നിട്ടുണ്ടെന്നു പോലീസ് പറയുന്നു. കേസിലെ ഒമ്പതാം പ്രതിയും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് ലഹരിമരുന്ന് സംഘവുമായി നേരത്തെ മുതല്‍ ബന്ധമുണ്ടെന്നാണ് പോലീസ് നല്കുന്ന സൂചന.

