ദില്ലി: ഭാവി വാഗ്ദാനങ്ങളായ യുവജനതയുടെ ഇടയിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്നു ഉപയോഗം രാജ്യത്തിന് വൻ നഷ്ടമുണ്ടാക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വേൾഡ് ഗായത്രി പരിവാർ നടത്തിയ അശ്വമേധ യാഗത്തിൽ വീഡിയോ കോൺഫറൻസ് വഴി യുവാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘വർദ്ധിച്ചു വരുന്ന മയക്കുമരുന്നു ഉപയോഗം യുവാക്കളുടെ ജീവൻ അപകടത്തിലാക്കുമെന്ന് അവർ മനസിലാക്കുന്നില്ല. ഇത് രാജ്യത്തിന് കൂടി നഷ്ടമാണ് വരുത്തുന്നത്. മയക്കുമരുന്നിനെതിരെ പോരാടാൻ രാജ്യം ഒന്നിച്ചു കൈക്കോർക്കണം. ഇതിനെതിരെ പല ക്യാമ്പയിനുകളും രാജ്യത്ത് സംഘടിപ്പിച്ചിട്ടുണ്ട്. വരും വർഷങ്ങളിലും മയക്കുമരുന്നിനെതിരെ പോരാടാൻ നാം സന്നദ്ധരാകണം’ എന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്ന്, നാല് വർഷത്തിനിടെ പാൻ- ഇന്ത്യൻ രീതിയിൽ നിരവധി ക്യാമ്പയിനുകളാണ് നടത്തി വരുന്നത്. ഇതുവരെ 11 കോടി ജനങ്ങൾ ക്യാമ്പയിനുകളുടെ ഭാഗമായിട്ടുണ്ട്. ക്യാമ്പയിനുകൾ നടത്തുന്നതിൽ ഗായത്രി പരിവാറും പ്രധാന പങ്കുവഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗായത്രി പരിവാർ നടത്തുന്ന അശ്വമേധ യാഗം പോലുള്ള ക്യാമ്പയിനുകൾ നിരവധി യുവജനങ്ങളെ മയക്കുമരുന്നിന്റെ കെണിയിൽ നിന്നും മോചിതരാക്കും. അവരുടെ പ്രവർത്തനങ്ങളും ഊർജ്ജവും രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ സഹായിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

