Monday, May 27, 2024
spot_img

വാഹനപരിശോധനക്കിടെ പൊലീസിന് നേരെ കൈയേറ്റവും അസഭ്യവർഷവും: കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ

മലപ്പുറം: ചങ്ങരംകുളത്ത് വാഹന പരിശോധനക്കിടെ പൊലീസിനെ അസഭ്യം പറയുകയും എസ് ഐയെയും പൊലീസുകാരനെയും അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത പടിഞ്ഞാറങ്ങാടി സ്വദേശി അറസ്റ്റിലായി. തൃത്താലയിൽ എസ് ഐയെയും പൊലീസുകാരെയും പൂട്ടിയിട്ട് തല്ലിയതടക്കം പതിനെട്ടോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി പടിഞ്ഞാറങ്ങാടി സ്വദേശി ചുങ്കത്ത് ഷാജി(50)നെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം, പാലക്കാട് ജില്ലകളിലായി സമാനമായ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയായ കുറ്റിപ്പാലയിൽ വാഹന പരിശോധ നടത്തുകയായിരുന്ന ചങ്ങരംകുളം എസ്‌ഐ ഖാലിദ്, സിപിഒ രാജേഷ് എന്നിവരെയാണ് പ്രതി അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. ബൈക്കില്‍ ഹെൽമറ്റില്ലാതെ വന്ന പ്രതിയെ പൊലീസ് തടഞ്ഞ് നിർത്തി. തുടര്‍ന്ന് വാഹനത്തിന്‍റെ രേഖകളും ലൈസന്‍സും ആവശ്യപ്പെട്ടു. എന്നാല്‍ ഷാജിയുടെ കൈയില്‍ രേഖകളൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ബൈക്കിന് പിഴ അടക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതനായ ഷാജി, പൊലീസിന് നേരെ തട്ടിക്കയറുകയും അസഭ്യം പറയുകയുമായിരുന്നു.

പിന്നീട്, ഇയാള്‍ പൊലീസുകാരെ അക്രമിക്കുകയും ബൈക്കെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരുടെ സഹായത്തോടെ ഷാജിയെ പൊലീസ് കീഴ്പ്പെടുത്തി. തൃത്താലയിലെ ഒരു വാറണ്ട് കേസിൽ ഷാജിയെ പിടികൂടാൻ ചെന്ന മുൻ കുറ്റിപ്പുറം എസ്‌ഐയെയും പൊലീസുകാരെയും മുറിയിൽ പൂട്ടിയിട്ട് തല്ലിയതടക്കം പതിനെട്ടോളം കേസിൽ പ്രതിയാണ് പിടിയിലായ ഷാജി എന്ന് പൊലീസ് പറഞ്ഞു. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Related Articles

Latest Articles