ദില്ലി: കേന്ദ്ര സർക്കാരിനും സൈന്യത്തിനുമെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് രംഗത്തുവന്നു . രാഹുലിന് ഇന്ത്യയുടെ ചരിത്രമോ ഭൂമിശാസ്ത്രമോ അറിയില്ല. രാഹുലിന്റെ മുതുമുത്തച്ഛൻ നെഹ്രുവിന്റെ കാലത്താണ് ചൈന ഇന്ത്യയുടെ ആയിരക്കണക്കിന് കിലോമീറ്റർ ഭൂമി കൈയ്യേറിയതെന്നും കേന്ദ്ര മന്ത്രി ഓർമ്മിപ്പിച്ചു.
മോദിയുടെ കാലത്ത് ഗാൽവനിലായാലും തവാംഗിലായാലും ഇന്ത്യൻ സൈനികർ ചൈനീസ് കടന്നുകയറ്റക്കാർക്ക് തിരിച്ചടി നൽകുന്നു. മോദി ആരാണെന്ന് ഷി ജിൻ പിംഗിന് നന്നായി അറിയാം. സൗഹൃദത്തിന്റെ മുഖം മാത്രമല്ല മോദിക്കുള്ളത്. അതുകൊണ്ട് ഇന്ത്യയിൽ കടന്നു കയറാൻ അവർ ഭയക്കുമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു
ലോകം പ്രധാനമന്ത്രി മോദിയെ പ്രകീർത്തിക്കുകയാണ്. റഷ്യ യുക്രെയ്ന് മേൽ ആണവായുധം പ്രയോഗിക്കാതിരിക്കാൻ കാരണം ഇന്ത്യയാണെന്ന് സി ഐ എ പറയുന്നു. ഇന്ന് ശക്തരായ എല്ലാ ലോകരാജ്യങ്ങളും ഇന്ത്യയുടെ സൗഹൃദം കാംക്ഷിക്കുന്നു. രാഹുലിന്റെ മാതൃബന്ധുക്കളുടെ നാടായ ഇറ്റലിയും ഇതിൽ ഉൾപ്പെടുന്നു. നരേന്ദ്ര മോദിയുടെ വിജയകരമായ വിദേശ നയമാണ് ഇതിന് കാരണമെന്ന് ഗിരിരാജ് സിംഗ് ചൂണ്ടിക്കാട്ടി.
ചൈന ഇന്ത്യയുടെ രണ്ടായിരം ചതുരശ്ര മീറ്റർ പിടിച്ചെടുത്തുവെന്നും, ചൈനീസ് പട്ടാളം ഇന്ത്യൻ സൈനികരെ ഉപദ്രവിക്കുന്നുവെന്നും രാഹുൽ ആരോപിച്ചിരുന്നു. എന്നാൽ, ചൈനീസ് പട്ടാളത്തെ തല്ലി ഓടിക്കുന്ന ഇന്ത്യൻ സൈനികരുടെ ചിത്രങ്ങൾ പുറത്ത് വന്നതോടെ രാഹുലിന്റെ ആരോപണങ്ങളുടെ മുന ഒടിഞ്ഞിരുന്നു.

