Tuesday, December 23, 2025

തലസ്ഥാനത്ത് ഭ്രാന്തിളകി ഡിവൈഎഫ്ഐ പ്രവർത്തകർ!!
മദ്യപിച്ച് ബാറുകളിലും ആശുപത്രിയിലും കൂട്ടത്തല്ല്;
വധശ്രമത്തിന് കേസെടുത്ത് പോലീസ്

തിരുവനന്തപുരം: അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം കൊടിയിറങ്ങിയതിന് തൊട്ട് പിന്നാലെ തിരുവനന്തപുരത്ത് ഡി വൈ എഫ് ഐ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. ബാറിൽ നിന്നും ആരംഭിച്ച തല്ല് ആശുപത്രിയിലും തെരുവുകളിലും തുടർന്നു. അർദ്ധരാത്രി മുതൽ പുലർച്ചെ വരെ തലസ്ഥാന നഗരിയെ മുൾമുനയിൽ നിർത്തിയ സംഘർഷം ഏറെ വിയർപ്പൊഴുക്കിയാണ് പോലീസ് നിയന്ത്രണ വിധേയമാക്കിയത്.

തമ്പാനൂരിലെ ബാറിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കമാണ് കൂട്ടത്തല്ലിൽ അവസാനിച്ചത്. അടിപിടിയിൽ പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടു പോകും വഴി വഞ്ചിയൂരിലും അടി നടന്നു. തുടർന്ന് ജനറൽ ആശുപത്രിയിൽ രാത്രിയെ പകലാക്കിയ ഏറ്റുമുട്ടലിൽ രോഗികളും ജീവനക്കാരും പരിഭ്രാന്തരായി.

കൂട്ടത്തല്ലിൽ പരിക്കേറ്റ ചിലരെ ജനറൽ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെയും അക്രമി സംഘം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത് രോഗികളേയും ആശുപത്രി ജീവനക്കാരേയും പോലീസിനേയും ഒരേ പോലെ ബുദ്ധിമുട്ടിച്ചു

സംഭവത്തിൽ വധശ്രമത്തിനടക്കം കന്റോണ്മെന്റ് പോലീസ് കേസെടുത്തു. തമ്മിൽത്തല്ലിൽ നിരവധി ഡി വൈ എഫ് ഐ പ്രവർത്തകർക്ക് പരിക്കേറ്റു. ഡി വൈ എഫ് ഐ തമ്പാനൂർ മേഖലാ ട്രഷറർ ശിവശങ്കർ, പേട്ട മേഖലാ കമ്മിറ്റി അംഗം ഗണേഷ് ധർമ്മ, നാലുമുക്ക് യൂണിറ്റ് പ്രസിഡന്റ് വിഷ്ണു വിനോദ്, പള്ളിമുക്ക് യൂണിറ്റ് പ്രസിഡന്റ് ആൽഫിൻ സുരേഷ്, പ്രവർത്തകനായ വിഘ്നേഷ് എന്നിവരാണ് പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സ തേടിയത്.

അർദ്ധരാത്രി 4 പോലീസ് സ്റ്റേഷൻ പരിധികളിലാണ് ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമണം അഴിച്ചു വിട്ടത്. ബാറിലെ സംഘർഷത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെ തമ്പാനൂർ പോലീസും കേസെടുത്തു.

Related Articles

Latest Articles