ഇടുക്കി: രാത്രിയുടെ മറവിൽ ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയ ഡിവൈഎഫ്‌ഐ നേതാവും കൂട്ടാളികളും പിടിയിൽ. ഇടുക്കിയിലെ തൊടുപുഴയിലാണ് സംഭവം (Ganja Seized In Idukki). കഞ്ചാവുൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കളുമായി ഡിവൈഎഫ്‌ഐ നേതാവടക്കം നാല് പേരാണ് പിടിയിലായത്.
ഡിവൈഎഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് വെള്ളംചിറ പന്നത്ത് വീട്ടിൽ ഷമൽ ഹംസ (22), പുത്തൻപുരയിൽ അഭിഷേക് ജിതേഷ് (22), പട്ടയംവല അന്തീനാട്ട് അഫ്‌സൽ നാസർ (22) സഹോദരൻ അൻസൽ നാസർ (24) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു. മൂവാറ്റുപുഴ റൂട്ടിൽ റോട്ടറി ജംഗ്ഷന് സമീപം ലഹരിവസ്തുക്കൾ വിൽക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. അതേസമയം അഫ്‌സലിന്റെയും, അൻസലിന്റെയും വീട്ടിൽ നിന്നും രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. ഇവരെല്ലാം മുൻപും സമാന കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്.
അതേസമയം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെത്തിയായ എക്‌സൈസ് ഉദ്യോഗസ്ഥർ പ്രതികളെ തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും 600 ഗ്രാം കഞ്ചാവും, 4.5 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. ഷമൽ ഹംസ, അഭിഷേക് ജിതേഷ്, അഫ്‌സൽ നാസർ എന്നിവരെയാണ് ആദ്യം പിടികൂടിയത്. തുടർന്ന് ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അൻസൽ നാസറിനെ പിടികൂടുകയായിരുന്നു.

