ചിക്കബല്ലാപുര: കർണാടകയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം. ഇന്ന് ചിക്കബല്ലാപുരയിൽ ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 3.6 രേഖപ്പെടുത്തി. വീണ്ടും ഭൂചലനം ഉണ്ടായത് ജനങ്ങളിൽ ആശങ്ക പടർത്തുന്നു.
ഉച്ചയ്ക്ക് 2.16ഓടെയായിരുന്നു ഭൂചലനം ഉണ്ടായത്. കഴിഞ്ഞ ദിവസം ചിക്കബല്ലാപുരയിൽ റിക്ടർ സ്കെയിലിൽ 2.9ഉം 3.0ഉം രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ ഉണ്ടായിരുന്നു.
അതേസമയം തമിഴ്നാട്ടിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. തമിഴ്നാട്ടിലെ വെല്ലൂരിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. എവിടെയും ആളപായമില്ല.
മാത്രമല്ല കഴിഞ്ഞ ദിവസം കർണാടകയുടെ തലസ്ഥാനമായ ബംഗലൂരുവിലും ഭൂചലനം ഉണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനമാണ് നഗരത്തിൽ ഉണ്ടായത്. രാവിലെ 07. 14നായിരുന്നു ഭൂചലനം. ഇവിടം അതീവ ജാഗ്രത പുലർത്തുകയാണ് കർണാടക സർക്കാർ.

