Tuesday, December 23, 2025

ഇ.ഡി പൊക്കിയ ക്യാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയുടെ അകൗണ്ടിൽ 2 കോടി: പണമെത്തിയത് അജ്ഞാത വിദേശ അക്കൗണ്ടുകളിൽ നിന്ന്; വിടാതെ കേന്ദ്ര ഏജൻസികൾ പിന്നാലെ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അറസ്റ്റിലായ ക്യാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷരീഫിന്റെ അക്കൗണ്ടില്‍ 2 കോടി 21 ലക്ഷം രൂപ കണ്ടെത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റൗഫ് ഈ പണം ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ അതീഖർ റഹ്മാന്റെ അകൗണ്ടിലേക്ക് മാറ്റി. അകൗണ്ടിൽ വന്ന തുകയിൽ 31 ലക്ഷം രൂപ വിദേശത്തുനിന്ന് എത്തിയതാണെന്നും ഇ.ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റൗഫ് ഷരീഫിന്റെ 3 അകൗണ്ടുകളാണ് ഇ.ഡി പരിശോധിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്നലെയാണ് കൊല്ലം അഞ്ചൽ സ്വദേശി റൗഫിനെ ഇഡി കസ്റ്റഡിയിലെടുത്തത്. മസ്‌കത്തിലേക്ക് പോകാൻ എത്തിയ റൗഫിനെ ഇമിഗ്രേഷൻ പരിശോധനയ്ക്ക് തൊട്ടുമുൻപ് ദില്ലിയിൽ നിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകിയിട്ടും എത്താതിരുന്നതിനാലാണ് ഇന്നലെ റൗഫിനെ കസ്റ്റഡിയിലെടുത്തത്. ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നു റൗഫിന്റെ അക്കൗണ്ടിലേക്ക് അനധികൃതമായി പണം എത്തിയിരുന്നതായി ഇ.ഡി സംശയിച്ചിരുന്നു.

അതിനിടെ റൗഫിനെ​ ഉടൻ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് രംഗത്തെത്തി. റൗഫിനെ അറസ്​റ്റ്​ ചെയ്ത ഇഡി നടപടി അതിരുകടന്നതാണെന്നും, വരുന്ന വർഷമാദ്യം സി‌.എ‌.എ – എൻ‌.ആർ.‌സി നടപ്പാക്കുന്നതിന് മുന്നോടിയായി സംഘ പരിവാറിനെതിരെ ചെറുത്തുനിൽപ്പ് നടത്തുന്ന നേതാക്കളെയും പ്രസ്ഥാനങ്ങളെയും ഭീഷണിപ്പെടുത്താനുള്ള ബിജെപി പദ്ധതി ഇ.ഡിയെ ഉപയോഗിച്ച്​ നടപ്പാക്കുകയാണെന്നുമാണ് കാംപസ് ഫ്രണ്ട് പ്രസ്താവനയിൽ പറഞ്ഞത്.

Related Articles

Latest Articles