ദില്ലി: അനധികൃത ഭൂമിയിടപാടും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലും ഇ ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പ്രിയങ്കാ ഗാന്ധിയുടെ പേരും. ഹരിയാനയിലെ ഫരീദാബാദിൽ 5 ഏക്കർ കൃഷിഭൂമി 2006 ൽ ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിൽ നിന്നും പ്രിയങ്കയും റോബർട്ടും ചേർന്ന് വാങ്ങിയതായും 2010 ൽ അതേ ആൾക്ക് തന്നെ മറിച്ചു വിറ്റതും കള്ളപ്പണം വെളുപ്പിക്കലാണെന്നാണ് അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടുന്നത്. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയും കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം നിരപരാധികളായ പ്രതിപക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജൻസികൾ വേട്ടയാടുകയാണെന്നും നേതാക്കളെ ജയിലിൽ അടയ്ക്കുകയാണെന്നും ആം ആദ്മി പാർട്ടി ആരോപിച്ചിട്ടുണ്ട്. ആം ആദ്‌മി പാർട്ടിയുടെ ഉന്നത നേതാവ് മനീഷ് സിസോദിയ അഴിമതിക്കേസിൽ ജയിലിലാണ്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സംശയത്തിന്റെ നിഴലിലാണ്. നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും നിരവധി തവണ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്‌തിരുന്നു. പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ കുറ്റപത്രത്തിൽ പ്രിയങ്കയുടെ പേരും ഉൾപ്പെടുന്നത്.

