Sunday, December 21, 2025

പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടിലേക്ക് ഒഴുകിയത് 100 കോടി; പൗരത്വസമരത്തിന് ഈ പണം ഉപയോഗിച്ചു; സിദ്ദിഖ് കാപ്പനെ ഹത്രാസിലേക്ക് അയച്ചതിന് പിന്നില്‍ ശരീഫെന്നും ഇ.ഡി

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൂറ് കോടിയോളം രൂപ എത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. പൗരത്വബില്‍ വിരുദ്ധസമരങ്ങള്‍ക്ക് ഈ പണമുപയോഗിച്ചെന്നും ഈ ഇടപാടുകളില്‍ വിശദ അന്വേഷണം വേണമെന്നും എന്‍ഫോഴ്സ്മെന്‍റ് വ്യക്തമാക്കി. ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ശരീഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരമായിട്ടാണ് ഇ.ഡി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ ഇക്കാര്യം അറിയിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് വിദേശത്ത് നിന്ന് പണമെത്തുന്നുവെന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് കാമ്ബസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കൊല്ലം അഞ്ചല്‍ സ്വദേശി റൗഫ് ഷെരീഫിനെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്. യുപിയില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഹാഥ്‌റസിലേക്ക് അയച്ചത് റൗഫ് ശരീഫാണെന്നും ഇ.ഡി പറയുന്നു. ഹാഥ്‌റസില്‍ ഒരു കലാപത്തിനുള്ള ശ്രമം നടന്നു. വിശദാംശങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ വ്യക്തമാക്കി.

രണ്ടു കോടി 21 ലക്ഷം രൂപ റൗഫിന്‍റെ മൂന്ന് അക്കൗണ്ടുകളില്‍ നിന്നായി കണ്ടെത്തി. ദില്ലി കലാപ സമയത്തെ പണമിടപാടുകളും അന്വേഷണത്തിലാണ്. തനിക്ക് ഒമാനില്‍ കയറ്റുമതി സ്ഥാപനമുണ്ടെന്നും അതില്‍ നിന്നാണ് പണം വന്നിരിക്കുന്നതെന്നും റൗഫ് കോടതിയെ അറിയിച്ചു. അതേസമയം തന്നെ അന്വേഷണ സംഘം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും റൗഫ് ആരോപിച്ചു. കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫിന്‍റെ അക്കൗണ്ടിലേക്ക് ലോക്ഡൗണ്‍ സമയത്ത് പോലും 50 ലക്ഷം രൂപയെത്തിയെന്നും ഹവാല ഇടപാടുകള്‍ നടക്കുന്നുണ്ടെന്നും എന്‍ഫോഴ്സ്മെന്‍റ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഒമാനില്‍ ട്രേഡിങ് കമ്പനി മാനേജരായ തന്‍റെ അക്കൗണ്ടിലെ പണം ബിസിനസില്‍ നിന്നുള്ളതാണെന്നാണ് റൗഫിന്‍റെ വാദം. എന്നാൽ ഈ വാദങ്ങളെയൊക്കെ ഖണ്ഡിച്ചുകൊണ്ടുള്ള വാദമുഖങ്ങളാണ് കോടതിയിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ചിരിക്കുന്നത്.

Related Articles

Latest Articles