Sunday, May 19, 2024
spot_img

ഐപിഎല്ലില്‍ 10 ടീമുകള്‍; നിര്‍ണ്ണായക തീരുമാനങ്ങളുമായി ബിസിസിഐ

അഹമ്മദാബാദ്: ഐപിഎല്ലില്‍ ടീമുകളെ വര്‍ധിപ്പിക്കാനുളള നീക്കവുമായി ബിസിസിഐ. ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിൽ തീരുമാനം. നിലവിൽ എട്ട് ടീമുകളാണ് ഐപിഎല്ലിലുള്ളത്. 2022 മുതൽ ഇത് പത്ത് ടീമുകളായി മാറും. അഹമ്മദാബാദിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്. കൂടാതെ 2028ലെ ഒളിംപിക്സില്‍ മല്‍സര ഇനമായി ക്രിക്കറ്റിനെ ഉള്‍പ്പെടുത്താനുള്ള ഐസിസിയുടെ നീക്കത്തിന് പിന്തുണ നല്‍കാനും ബിസിസിഐയുടെ വാര്‍ഷിക യോഗത്തില്‍ തീരുമാനിച്ചു. കൊവിഡിനെ തുടര്‍ന്നു ആഭ്യന്തര ക്രിക്കറ്റിലെ ഭൂരിഭാഗം മല്‍സരങ്ങളും നഷ്ടമായതിനെ തുടര്‍ന്നു പ്രതിസന്ധിയിലായ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പുരുഷ, വനിതാ താരങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കാനും യോഗത്തില്‍ തീരുമാനമായി.ഇന്ത്യയിലെ പ്രാദേശിക ക്രിക്കറ്റിന് 2021 ജനുവരിയിൽ തുടക്കമാവും. കൊവിഡ് പ്രതിസന്ധി തുടങ്ങിയ ശേഷം ഇത് വരെ ഇന്ത്യയിൽ ക്രിക്കറ്റ് മത്സരങ്ങൾ നടന്നിട്ടില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയാണ് ജനുവരിയിൽ നടക്കുക. മുതിർന്ന കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയെ ബിസിസിഐ വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കുകയും ചെയ്തു.

ഐപിഎല്ലിലെ ടീമുകളുടെ എണ്ണം 10 ആയി മാറുന്നതോടെ ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം രണ്ടര മാസത്തോളമായി വര്‍ധിക്കും. നിലവില്‍ 60 മല്‍സരങ്ങളുള്ള ടൂര്‍ണമെന്റില്‍ ഇതോടെ 94 മല്‍സരങ്ങളുണ്ടാവുകയും ചെയ്യും. പുതിയ ഫ്രാഞ്ചൈസികള്‍ക്കായി ബിസിസിഐ ടെന്‍ഡര്‍ ഉടൻ ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദ് ആസ്ഥാനമായി ഒരു ഫ്രാഞ്ചൈസി അടുത്ത സീസണില്‍ വന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു പത്താമത്തെ ഫ്രാഞ്ചൈസി എവിടെ നിന്നായിരിക്കുമെന്ന ആകാംക്ഷയിലാണ് എല്ലാവരും.മല്‍സരങ്ങള്‍ വര്‍ധിക്കുന്നതോടെ വരുമാനവുമായി ബന്ധപ്പെട്ട് ബിസിസിഐയ്ക്കു ബ്രോഡ്കാസ്റ്റര്‍മാരുമായി ചര്‍ച്ച നടത്തേണ്ടി വരും. നിലവില്‍ 2018-22 വരെ 60 മല്‍സരങ്ങള്‍ വീതമുള്ള ഐപിഎല്ലിനായി 16,347.5 കോടി രൂപയാണ് സ്റ്റാര്‍ ഇന്ത്യ ബിസിസിഐയ്ക്കു നല്‍കിയിരിക്കുന്നത്. 2022ല്‍ മല്‍സരങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ തുകയും സ്റ്റാര്‍ ഗ്രൂപ്പ് ബിസിസിഐയ്ക്കു നല്‍കേണ്ടി വരും. ഐപിഎല്ലിന്റെ 14ാം സീസണ്‍ 2021 ഏപ്രിലായിരിക്കും നടക്കുന്നത്. നിലവില്‍ 60 മല്‍സരങ്ങളുള്ള ടൂര്‍ണമെന്റില്‍ ഇതോടെ 94 മല്‍സരങ്ങളുണ്ടാവുകയും ചെയ്യും. ഇതു ഐസിസിയുടെ അന്താരാഷ്ട്ര ഷെഡ്യൂളിനെയാകെ ബാധിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല ഇത്രയും ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റില്‍ വിദേശ താരങ്ങളുടെ സാന്നിധ്യം അവസാനം വരെയുണ്ടാവുമോയെന്നതും സംശയമാണ്.

Related Articles

Latest Articles