നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സംഘടനയുടെ വിവിധയിടങ്ങളിലെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. തിരുവനന്തപുരത്തെ എസ്ഡിപിഐയുടെ ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്. പന്തളത്തെ എജുക്കേഷൻ ആൻഡ് കൾച്ചർ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്‍റര്‍ ട്രസ്റ്റ്, ആലുവയിലെ പെരിയാർവാലി ചാരിറ്റബിൾ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടൻ ട്രസ്റ്റ് ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 67 കോടി രൂപ വിലമതിക്കുന്നതാണ് കണ്ടുകെട്ടിയ സ്വത്തുക്കൾ.
നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) 2022 സെപ്റ്റംബർ 28നാണ് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. അഞ്ച് വർഷത്തേക്കാണ് നിരോധനം. രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് കൈപ്പറ്റി ഭീകരപ്രവർത്തനങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് നേതൃത്വം നൽകിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. രാജ്യത്തേക്ക് ഹവാല പണമിടപാട് നടത്തിയെന്നും വിദേശ ഫണ്ട് ഉൾപ്പെടെ ഉപയോഗിച്ച് ഭീകര പ്രവര്‍ത്തനങ്ങൾക്കായി ഉപയോഗിച്ചു എന്നും അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
2022 ലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച്. 5 വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി.പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ബാധകമാണ്. ഭീകര പ്രവർത്ത ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം. രണ്ട് തവണയാണ് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. കേരളത്തിലും എന്‍ഐഎ റെയിഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2022 സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ‍്ഡിൽ 106 പേർ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്.
റെയിഡിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. എന്നാല്‍ എന്‍ഐഎയും ഇഡിയും റെയ്ഡും നടപടികളും തുടര്‍ന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിറങ്ങുന്നത്. പോപ്പുലര്‍ ഫ്രണ്ട് അടക്കം 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്.

