Saturday, December 13, 2025

മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാവിജയന് കുരുക്ക് മുറുകുന്നു; കേസെടുക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി ഇ ഡി; അഴിമതി വലിച്ച് പുറത്തിടാൻ ദില്ലി മോഡലിൽ സിബിഐയും കേരളത്തിലേക്ക് ?

തിരുവനന്തപുരം: മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണാ വിജയന് കുരുക്ക് മുറുകുന്നു. എസ് എഫ് ഐ ഒയ്ക്ക് പിന്നാലെ ഇ ഡിയും ഉടൻ കേസെടുത്തേക്കും. ഇ സി ഐ ആർ രജിസ്റ്റർ ചെയ്‌ത്‌ ഏജൻസി ഉടൻ അന്വേഷണം ആരംഭിക്കും. സി എം ആർ എൽ എക്‌സാ ലോജിക് ക്രമക്കേട് കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇ ഡിയുടെ നിഗമനം. കേസിൽ നേരത്തെ എസ് എഫ് ഐ ഒ അന്വേഷണം പൂർത്തിയാക്കിയിരുന്നു. കേസിൽ കുറ്റപത്രം നൽകാൻ നേരത്തെ കേന്ദ്രസർക്കാർ എസ് എഫ് ഐ ഒക്ക് അനുമതി നൽകിയിരുന്നു.

വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരം സിബിഐയും കേസെടുക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ദില്ലി മദ്യനയക്കേസിൽ സ്വീകരിച്ചതുപോലെ ഒരേ വിഷയത്തിൽ നിരവധി ഏജൻസികൾ മാസപ്പടിക്കേസ് അന്വേഷിക്കാൻ സാധ്യതയുണ്ട്. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടന്നാൽ മാത്രമേ കേസിലെ മറ്റ് രാഷ്ട്രീയക്കാരുടെ പങ്കും പുറത്തുവരൂവെന്നാണ് വിലയിരുത്തൽ. 2018 -19 സാമ്പത്തിക വർഷത്തിൽ 1.72 കോടി രൂപ മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാ ലോജിക്കിന്റെ അക്കൗണ്ടിൽ എത്തിയെന്നാണ് കണ്ടെത്തൽ. എന്നാൽ എസ് എഫ് ഐ ഒ അന്വേഷണത്തിൽ ഇത്തരത്തിൽ വിവിധ രാഷ്ട്രീയ നേതാക്കളുമായി 182 കോടിയുടെ ഇടപാടുകൾ സി എം ആർ എൽ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

എസ് എഫ് ഐ ഒ അന്വേഷണത്തിൽ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി എം ആർ എൽ നൽകിയ ഹർജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും. കേസ് നേരത്തെ കേട്ടിരുന്ന ജഡ്‌ജി സ്ഥലം മാറിയതിനാൽ പുതിയ ജഡ്ജിയാണ് കേസ് കേൾക്കുക. എസ് എഫ് ഐ ഒ കേസിൽ ഇന്ന് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സാധ്യതയുണ്ട്. സി എം ആർ എല്ലിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും. ഇന്ന് ദില്ലി ഹൈക്കോടതിയുടെ വിധി കേസിൽ നിർണ്ണായകമാകും.

Related Articles

Latest Articles