Friday, October 2, 2026

കളക്ടർ ബ്രോയുടെ പോരാട്ടം വിജയം കാണുന്നു ? എൻ പ്രശാന്തിന്റെ പരാതികൾ നേരിട്ട് കേൾക്കാൻ ചീഫ് സെക്രട്ടറിയ്ക്ക് നിർദ്ദേശം; ചക്കളത്തിൽ പോരാട്ടത്തിൽ ഗത്യന്തരമില്ലാതെ ഇടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: എൻ പ്രശാന്ത് ഐ എ എസിന്റെ പരാതികൾ നേരിട്ട് കേൾക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി. ഐ എ എസ് തലപ്പത്തെ പോര് അതിരുകടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അസാധാരണ അടിയന്തര ഇടപെടൽ. എൻ പ്രശാന്തും മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥൻ എ ജയ തിലകുമായുള്ള തർക്കം പരസ്യ ആരോപണങ്ങളിലേക്ക് വളർന്നിരുന്നു. ഇത് സർക്കാരിനും ചീഫ് സെക്രട്ടറിക്കും വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

2024 നവമ്പറിൽ എൻ പ്രശാന്തിനെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്‌തിരുന്നു. ചീഫ്സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അടക്കം നൽകി പ്രശാന്ത് നടത്തിയ പോരാട്ടം വിജയം കാണുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ നൽകുന്ന സൂചന. നേരിട്ട് ഹാജരാകാൻ പ്രശാന്തിന് ഉടൻ നോട്ടീസ് നൽകിയേക്കും. ഐ എ എസ് തലപ്പത്തെ പരസ്പര ആരോപണങ്ങൾ സർക്കാരിനെ ബാധിക്കുന്ന തലത്തിലേക്ക് എത്തിയപ്പോഴാണ് നടപടി.

ചില വസ്തുതകൾ പൊതു സമൂഹത്തിന് മുമ്പിൽ തുറന്ന് പറയുമെന്ന് പ്രശാന്ത് നേരത്തെ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. ഒരു സുപ്രധാന തീരുമാനം ഉടൻ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം പ്രശാന്ത് ഫെയ്‌സ്‌ബുക്കിൽ കുറിച്ചിരുന്നു. സിവിൽ സർവീസിൽ നിന്ന് രാജിവച്ച് പ്രശാന്ത് രാഷ്ട്രീയത്തിലേക്ക് എന്ന സൂചനയും നേരത്തെ വന്നിരുന്നു. അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ വരുന്നു.

Related Articles

Latest Articles