Friday, December 12, 2025

അവസാന മിനിറ്റിലെ ഗോളില്‍ ജയിച്ച് ടീം ; വിജയാഘോഷത്തിനിടെ പരിശീലകന്‍ ഹൃദയാഘാതം മൂലം മരിച്ചു

കയ്‌റോ: 92-ാം മിനിറ്റിലെ ഗോളില്‍ ടീം വിജയിച്ചത് ആഘോഷിക്കുന്നതിനിടെ പരിശീലകന്‍ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.

ഈജിപ്തിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ അല്‍ മജീദിന്റെ പരിശീലകന്‍ ആദം അല്‍ സെല്‍ദാറാണ് മരിച്ചത്. 53 വയസ്സായിരുന്നു.

താരങ്ങള്‍ക്കൊപ്പം ആഘോഷിക്കുന്നതിനിടെ ആദം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ അലക്‌സാന്‍ഡ്രിയയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അല്‍ സാര്‍ക്കയ്‌ക്കെതിരായ മത്സരത്തിന്റെ അവസാന 92-ാം മിനിറ്റിലാണ് അല്‍ മജീദ് ക്ലബ്ബ് ഗോള്‍ നേടിയത്.

അതേസമയം ഒന്നാം ഡിവിഷന്‍ ക്ലബ്ബ് അല്‍ ഇസ്മയീലിയുടെ മുന്‍താരമാണ് ആദം. 1990-കളില്‍ അല്‍ ഇസ്മയീലിക്കൊപ്പം ഈജിപ്ത് കപ്പും ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗും നേടി.

പിന്നീട് അല്‍ ഷാര്‍ക്കിയയിലും കളിച്ചു. ലിബിയയിലെ അല്‍ ഇത്തിഹാദ് ക്ലബ്ബിനേയും അല്‍ ഇസ്മയീലി ക്ലബ്ബിനേയും പരിശീലിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles