Saturday, May 4, 2024
spot_img

നേപ്പാളില്‍ വിനോദയാത്രയ്ക്ക് പോയ എട്ട് മലയാളികള്‍ ഹോട്ടലില്‍ മരിച്ചനിലയില്‍

നേപ്പാളില്‍ വിനാദ സഞ്ചാരികളായി എത്തിയ എട്ട് മലയാളികളെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ദാമനിലെ ഒരു ഹോട്ടല്‍ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും നാലു കുട്ടികളുമാണ് മരിച്ചത്.

പ്രവീണ്‍ കുമാര്‍ നായര്‍ (39), ഭാര്യശരണ്യ (34), രഞ്ജിത് കുമാര്‍ ടി.ബി (39), ഇന്ദു രജ്ഞിത് (34), വൈഷ്ണവ് രഞ്ജിത് (2), ശ്രീഭദ്ര (9), അഭിനവ് സൂര്യ(9), അഭി നായര്‍ (7) എന്നിവരാണ് മരിച്ചത്. ഗ്യാസ് ഹീറ്ററില്‍ നിന്നുള്ള വാതകം ശ്വസിച്ചതാവാം ദുരന്തത്തിന് കാരണമെന്ന് കരുതുന്നു. സംഘത്തിലെ മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്നുവെങ്കിലും അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

15 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് എച്ച്.എ.എം.എസ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ എംബസി അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. പനോരമ റിസോര്‍ട്ടില്‍ ഇന്നലെ രാത്രി ഒമ്പതര മണിയോടെയാണ് ഇവര്‍ മുറിയെടുത്തത്.

മൂന്ന് മുറികളിലാണ് ഇവര്‍ താമസിച്ചിരുന്നത്. കടുത്ത തണുപ്പ് മൂലം ഈ മുറികളില്‍ ഹീറ്റര്‍ പ്രവര്‍ത്തിച്ചിരുന്നു. വാതിലുകളും ജനാലകളും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. രാവിലെ ആരെയും പുറത്തുകാണാതെ വന്നതോടെ റിസോര്‍ട്ട് ജീവനക്കാര്‍ വാതില്‍ തുറന്നുനോക്കുമ്പോള്‍ ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇവരെ ഉടന്‍തന്നെ എയര്‍ലിഫ്ട് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടിരുന്നുവെന്ന് റിസോര്‍ട്ട് ജീവനക്കാരന്‍ പറയുന്നു.

Related Articles

Latest Articles