Tuesday, December 16, 2025

എട്ടുവയസ്സുകാരിക്ക് അമ്മയുടെ ക്രൂരമർദ്ദനം; കണ്ണില്ലാത്ത ക്രൂരത സഹിക്കാനാവാതെ മുത്തശ്ശി പോലീസിനെ അറിയിച്ചപ്പോൾ ആത്മഹത്യ ശ്രമം

നെടുങ്കണ്ടം: അമ്മയുടെ ക്രൂരമായ മർദ്ദനത്തിൽ എട്ടുവയസ്സുകാരിക്ക് പരിക്ക്. മർദ്ദനത്തിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ ശരീരമാസകലം ക്ഷതമേറ്റപാടും കയ്യിൽ ചതവും കണ്ടെത്തി. തന്റെ മകൾ കൊച്ചുമകളെ ഉപദ്രവിക്കുന്നത് കണ്ട മുത്തശ്ശിയാണ് കണ്ണില്ലാത്ത ക്രൂരത പോലീസിൽ അറിയിച്ചത്. തുടർന്ന് യുവതി (28) ജീവനൊടുക്കാൻ ശ്രമിച്ചു. ഷാളിൽ കെട്ടിത്തൂങ്ങിയ യുവതിയെ ഷാൾ അറുത്തുമാറ്റിയാണ് പോലീസ് രക്ഷപ്പെടുത്തിയത്. സമീപം കുട്ടികൾക്കായി രണ്ട് ഷാളുകളും കുരുക്കിട്ടുകെട്ടിയ നിലയിൽ പോലീസ് കണ്ടെത്തി.

യുവതിയുടെ ആദ്യവിവാഹത്തിലെ കുട്ടിക്കാണ് പരിക്കേറ്റതെന്നു പോലീസ് പറഞ്ഞു. രണ്ടാമത്തെ വിവാഹത്തിൽ ഒന്നരവയസ്സുള്ള കുട്ടിയുണ്ട്. രണ്ടാമത്തെ വിവാഹശേഷം യുവതി അമ്മയ്‌ക്കൊപ്പമാണ് ഭർത്താവുമായി കഴിയുന്നത്. ആദ്യവിവാഹത്തിലെ കുട്ടിയെ ഹോസ്റ്റലിൽ നിർത്തിയാണ് പഠിപ്പിക്കുന്നത്. വേനലവധിയായതോടെ അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം നിൽക്കാനാണ് എട്ട് വയസ്സുകാരി ഹോസ്റ്റലിൽ നിന്നെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ കുട്ടിയെ യുവതി വഴക്കുപറയുന്നത് മുത്തശ്ശി വിലക്കിയപ്പോൾ കുട്ടിയെ ആക്രമിച്ചെന്നാണു പറയുന്നത്. കൂടാതെ സ്വന്തം അമ്മയെയും യുവതി ആക്രമിച്ചെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles