മുംബൈ :വ്യക്തി വൈരാഗ്യം തീർക്കാൻ ലഹരിമരുന്ന് ഒളിപ്പിച്ചുവച്ച് ഷാർജ വിമാനത്താവളത്തിൽ കുടുക്കിയ സംഭവത്തിൽ ജയിൽമോചിതയായ ബോളിവുഡ് നടി ക്രിസാൻ പെരേര, നാട്ടിലുള്ള കുടുംബവുമായി സംസാരിച്ചു. വിഡിയോ കോളിലൂടെയാണ് നടി വീട്ടുകാരുമായി സംസാരിച്ചത്കഴിഞ്ഞ ദിവസമായിരുന്നു ക്രിസാൻ ഷാർജ സെൻട്രൽ ജയിലിൽനിന്നു മോചിതയായത്. നടി അമ്മയുമായി നടത്തിയ വിഡിയോ കോളിന്റെയും അമ്മ സന്തോഷത്തോടെ തുള്ളിച്ചാടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ നടിയുടെ സഹോദരൻ കെവിൻ സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.
വിഡിയോ കോളിലൂടെ സംസാരിക്കുമ്പോൾ നടിയുടെ കണ്ണുകൾ പലപ്പോഴും നിറഞ്ഞൊഴുകി. 48 മണിക്കൂറിനുള്ളിൽ ക്രിസാനിനെ ഇന്ത്യയിൽ എത്തിക്കുമെന്ന് മുംബൈ ജോയിന്റ് കമ്മിഷണർ ഓഫ് പൊലീസ് (ക്രൈം) ലഖ്മി ഗൗതം അറിയിച്ചു.
വിമാനത്താവളത്തിൽകൊണ്ടുപോയ ട്രോഫിക്കുള്ളിൽ നടി അറിയാതെ ലഹരിമരുന്ന് ഒളിപ്പിച്ചുവച്ചശേഷം മുബൈ സ്വദേശികളായ രണ്ടുപേർ ഷാർജ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്ന് മുംബൈ പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ആന്റണി പോൾ, രാജേഷ് ബോബത്ത (രവി) എന്നിവരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏപ്രിൽ ഒന്നിനായിരുന്നു നടി ഷാർജ വിമാനത്താവളത്തിൽ അറസ്റ്റിലായത്.
നായ്ക്കുട്ടിയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് പലവട്ടം ക്രിസാനിന്റെ കുടുംബവുമായി ആന്റണി വഴക്കുണ്ടാക്കിയിട്ടുണ്ട്. രാജ്യാന്തര വെബ്സീരീസിന്റെ ഓഡിഷനായി ഷാർയിലേക്കു പോകണമെന്നാവശ്യപ്പെട്ടാണ് രാജേഷ് ക്രിസാനിനെ സമീപിച്ചത്. പോകുമ്പോൾ ഓഡിഷന്റെ ആവശ്യത്തിനായി ട്രോഫി കരുതണമെന്നു പറഞ്ഞു ലഹരിമരുന്ന് ഒളിപ്പിച്ച ട്രോഫി കൂടി ഇവർ നടിക്ക് നൽകുകയായിരുന്നു.
അറസ്റ്റിലായ ക്രിസാനിനെ മോചിപ്പിക്കണമെങ്കിൽ 80 ലക്ഷം രൂപ നൽകണമെന്നും ഇയാൾ നടിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ സത്യാവസ്ഥ കണ്ടെത്തിയ മുംബൈ പോലീസ് രേഖകൾ ഷാർജ പോലീസിനു കൈമാറി. ഇതോടെയാണ് ക്രിസാനിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്.

